| Sunday, 11th May 2025, 4:07 pm

വിരാടിന്റെ ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ... പ്രതികരണവുമായി സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രോഹിത് ശര്‍മ മെയ് ഏഴിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിരാട് ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ബി.സി.സി.ഐയെ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കോഹ്ലിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായുംറിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വിരാടിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ സീനിയര്‍ താരങ്ങള്‍ അടക്കം പ്രതികരിച്ചിരുന്നു. വിരാട് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമാണ് താരങ്ങളും ആരാധകരും ഉന്നയിച്ചത്.

ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. വിരാട് കോഹ്ലിയുടെ വിരമിക്കല്‍ തീരുമാനത്തിന്റെ ഉദ്ദേശം ശരിയും മികച്ചതുമാണെന്നും എന്നാല്‍ അതിന്റെ സമയവും അവസരവും ഉചിതമല്ലെന്നും സിദ്ദു പറഞ്ഞു.

രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം കോഹ്ലിയുടെ എക്‌സ്പീരിയന്‍സ് ഇന്ത്യന്‍ ടീമിന് നിര്‍ണായകമായേക്കാമെന്നും അനുഭവപരിചയമില്ലാത്ത ഒരു ടീമിനെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സിദ്ദു അഭിപ്രായം പറഞ്ഞത്.

‘വിരാട് കോഹ്ലിയുടെ വിരമിക്കല്‍ തീരുമാനം ക്രിക്കറ്റ് ലോകത്ത് ഒരു കോളിളക്കം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഉദ്ദേശം ശരിയും മികച്ചതുമാണ്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണത്. എന്നാല്‍ അതിന്റെ സമയവും അവസരവും ഉചിതമല്ല, കാരണം ഇന്ത്യയുടെ അഭിമാനവും അന്തസും അപകടത്തിലാണ്.

മികച്ച ടീമുകള്‍ക്ക് പോലും ഒരു വെല്ലുവിളി നിറഞ്ഞ പര്യടനത്തിലേക്കാണ് നമ്മള്‍ പോകുന്നത്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം കോഹ്ലിയുടെ അനുഭവം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായേക്കാം. അനുഭവപരിചയമില്ലാത്ത ഒരു ടീമിനെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത് ബുദ്ധിപരമായിരിക്കില്ല,’ സിദ്ദു പറഞ്ഞു

Content Highlight: Navjot Singh Sidhu talks about the rumors of Virat Kohli’s retirement from test cricket

We use cookies to give you the best possible experience. Learn more