| Friday, 13th June 2025, 3:00 pm

അവന് അഞ്ച് ദിവസം അതിജീവിക്കാന്‍ കഴിയുമോ? യുവ താരത്തെക്കുറിച്ച് നവ്‌ജോത് സിങ് സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി എന്ന 14കാരന്‍ തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയ താരം തന്റെ കരുത്ത് തെളിയിച്ചിരുന്നു. ഇപ്പോള്‍ യുവതാരമായ വൈഭവിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു.

താരത്തിന്റെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പ്രകടനം കാര്യമാക്കുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ കാഴ്ചപ്പാടാണ് വലുതെന്നും മുന്‍ താരം സൂചിപ്പിച്ചു. ടെസ്റ്റിലെ അഞ്ച് ദിവസം അതിജീവിക്കാന്‍ വൈഭവിന് സാധിക്കുമോ എന്നും ടി-20 ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ട് കാര്യമില്ലെന്നും സിദ്ദു പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിലാണ് എന്റെ കാഴ്ചപ്പാട്. അവന് അഞ്ച് ദിവസം അതിജീവിക്കാന്‍ കഴിയുമോ? ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് ക്രിക്കറ്റിലെ ഒരു യഥാര്‍ത്ഥ പരീക്ഷണമാണ്. രണ്ട് വൈറ്റ്‌ബോള്‍ ഫോര്‍മാറ്റുകള്‍ ഞാന്‍ തെരഞ്ഞെടുക്കുന്നില്ല. നിങ്ങള്‍ക്ക് ഈ രണ്ട് ഫോര്‍മാറ്റുകളും കളിക്കാന്‍ കഴിയുമെങ്കില്‍, റെഡ്‌ബോള്‍ ക്രിക്കറ്റില്‍ മത്സരിക്കാനും പര്യാപ്തമായിരിക്കണം.

നിങ്ങള്‍ എന്തിനാണ് ബുദ്ധിമുട്ടുന്നത്? കാരണം നിങ്ങളുടെ ശ്രദ്ധ ടി-20, ഐ.പി.എല്‍, 50 ഓവറുകള്‍ എന്നിവയിലാണ്. അവന് അഞ്ച് ദിവസം അതിജീവിക്കാന്‍ കഴിയുമോ? അതാണ് ഏതൊരു ക്രിക്കറ്റ് കളിക്കാരന്റെയും യഥാര്‍ത്ഥ പരീക്ഷണം,’ നവ്‌ജോത് സിങ് സിദ്ദു പറഞ്ഞു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് വൈഭവ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്‌ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി.

മാത്രമല്ല അടുത്തിടെ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടന്ന റെഡ്‌ബോള്‍ പരിശീലന മത്സരത്തില്‍ 90 പന്തില്‍ നിന്ന് 190 റണ്‍സ് നേടി വൈഭവ് മികവ് തെളിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം യുവ താരം ഉണ്ടാകുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: Navjot Singh Sidhu Talking About Vaibhav Suryavanshi

We use cookies to give you the best possible experience. Learn more