| Tuesday, 11th March 2025, 3:22 pm

സച്ചിനേക്കാള്‍ മുകളിലാണവന്‍; ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി നവ്ജോത് സിങ് സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിവീസിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞിരിക്കുകയാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ അപരാജിതരായാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ താരങ്ങള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാല്‍ ഫൈനലില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ഒരു റണ്‍സിനാണ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറിയും സെമി ഫൈനലില്‍ ഓസീസിനെതിരെ 84 റണ്‍സും താരം നേടിയിരുന്നു. ടൂര്‍ണമെന്റില്‍ 218 റണ്‍സുമായി ഇന്ത്യയുടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനാണ് വിരാട്.

ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തിന് പിന്നാലെ വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ധു. കഴിഞ്ഞ 30 -40 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോയാണ് കോഹ്ലിയെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ മുകളിലാണ് വിരാടെന്നും സിദ്ധു പറഞ്ഞു. വിരാടിന്റെ പുള്‍ ഷോട്ട്, ഓണ്‍-ഡ്രൈവ്, കവര്‍ ഡ്രൈവ് എന്നിവ കാണാന്‍ ഒരു രസമാണെന്നും വിദേശ രാജ്യങ്ങളില്‍ എങ്ങനെ ജയിക്കാമെന്ന് അദ്ദേഹത്തിനറിയാമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ 30 -40 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോയാണ് വിരാട് കോഹ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ മുകളിലാണ് അദ്ദേഹം. വിരാട് ഒരു റോള്‍ മോഡലാണ്, മത്സരങ്ങള്‍ എങ്ങനെ ജയിപ്പിക്കണമെന്ന് അവനറിയാം. അദ്ദേഹത്തിന്റെ പുള്‍ ഷോട്ട്, ഓണ്‍-ഡ്രൈവ്, കവര്‍ ഡ്രൈവ് എന്നിവ കാണാന്‍ ഒരു രസമാണ്. വിദേശ രാജ്യങ്ങളില്‍ എങ്ങനെ ജയിക്കാമെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു,’ നവ്‌ജോത് പറഞ്ഞു.

കൂടാതെ, വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ എവേ പരമ്പരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയെന്നും ഫാസ്റ്റ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

‘വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഞങ്ങള്‍ എവേ പരമ്പരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ഫാസ്റ്റ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ഒരു പങ്കുവഹിച്ചു, അദ്ദേഹം ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യന്‍ ടീം അഞ്ച് യഥാര്‍ത്ഥ ബൗളര്‍മാരുമായി കളിച്ചു,’ സിദ്ദു പറഞ്ഞു.

അതേ സമയം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ഫൈനലില്‍ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയ ലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ, തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

content highlights: Navjot Singh Sidhu Says Virat Kohli Is Above Sachin Tendulkar

We use cookies to give you the best possible experience. Learn more