ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. തോല്‍വികളില്‍ എപ്പോഴും എല്ലാവരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുവെന്നും എന്നാല്‍ വിജയിക്കുമ്പോള്‍ അദ്ദേഹത്തെ മറക്കുന്നുവെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സിദ്ദു ഈ പ്രസ്താവന നടത്തിയത്.
‘ഹീറോകളെ നമ്മള്‍ വല്ലാതെ ആരാധിക്കാറുണ്ട്. എന്നാല്‍ ഇന്ത്യ മോശം പ്രകടനം നടത്തുമ്പോള്‍ എല്ലാവരും ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ഇപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കുമോ?,’ സിദ്ദു പറഞ്ഞു.
അടുത്തിടെ അവസാനിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഇന്ത്യ ഗംഭീറിന് കീഴിലായിരുന്നു ഇറങ്ങിയത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷം ഒരു യുവ ടീമായിരുന്നു ഇംഗ്ലണ്ട് പര്യടനത്തില്‍ എത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില്‍ ഇറങ്ങുമ്പോള്‍ കടുത്ത ആരാധകര്‍ പോലും യുവ ഇന്ത്യയ്ക്ക് പ്രതീക്ഷ കല്‍പ്പിച്ചിരുന്നില്ല.
ഒറ്റ മത്സരങ്ങളില്‍ പോലും ഇന്ത്യ ജയിക്കില്ലെന്ന് പറഞ്ഞവരും വിരളമല്ല. എന്നാല്‍, ഇതെല്ലം തിരുത്തി കുറിച്ച് ഇന്ത്യ ആവേശകരമായ 2 – 2ന്റെ സമനില പിടിച്ചെടുക്കുകയായിരുന്നു. ഈ പരമ്പരയില്‍ തന്നെ തോല്‍വികളില്‍ കോച്ച് ഗംഭീറിന് നേരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
അനുഭവ പരിചയമില്ലാത്ത ടീമിനെ കെട്ടുറപ്പുള്ളതായി മാറ്റിയതും ഇന്ത്യന്‍ ടീമിന്റെ എല്ലാ മാറ്റത്തിനും കാരണക്കാരന്‍ ഗംഭീറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കോച്ച് കാണിച്ച സന്നദ്ധതയുമാണ് പരമ്പരയില്‍ ഇന്ത്യയ്ക്ക് കരുത്തായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ കളിക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കിയത് ഗൗതം ഗംഭീറാണ്. കുല്‍ദീപ് മികച്ച ഒരു ചോയ്സായിരുന്നു. പക്ഷേ ഗംഭീര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. എപ്പോഴും മെച്ചപ്പെടുത്താന്‍ അവസരമുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകള്‍ക്ക് നാം അദ്ദേഹത്തിന് ക്രെഡിറ്റ് നല്‍കണം,’ സിദ്ദു പറഞ്ഞു.
Content Highlight: Navjot Singh Sidhu says that Gautham Gambhir needs credit for Indian Team’s win when he get criticism in defeats