| Monday, 20th October 2025, 10:01 pm

'അഗാര്‍ക്കറെയും ഗംഭീറിനെയും പുറത്താക്കണ'മെന്ന പോസ്റ്റ്; സത്യാവസ്ഥ വെളിപ്പെടുത്തി സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

അജിത് അഗര്‍ക്കാറിനും ഗൗതം ഗംഭീറിനും എതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ നവ്ജോത് സിങ് സിദ്ദു. താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വൈറല്‍ പോസ്റ്റിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

‘ഞാന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊന്ന് ആലോചിക്കുക കൂടി ചെയ്തിട്ടില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു,’ സിദ്ദു പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയോട് തോറ്റിരുന്നു. ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഗില്ലും സംഘവും വഴങ്ങിയത്. ഈ പരമ്പര തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അജിത് അഗാര്‍ക്കറിനെതിരെയും ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനുമെതിരെ സിദ്ദു സംസാരിച്ചുവെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇരുവരെയും പുറത്താക്കണമെന്നും രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി തിരികെ നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള പോസ്റ്റുകളുടെ ഉള്ളടക്കം.

‘2027ലെ ലോകകപ്പില്‍ വിജയിക്കണമെങ്കില്‍ ബി.സി.സി.ഐ അജിത് അഗാര്‍ക്കറെയും ഗൗതം ഗംഭീറിനെയും എത്രയും പെട്ടെന്ന് പുറത്താക്കണം. ഒപ്പം എല്ലാ ആദരവോട് കൂടിയും രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി തിരികെ നല്‍കണം,’ എന്നായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഏറെ വൈകാതെ തന്നെ ഈ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇതോടെയാണ് സിദ്ദു താന്‍ ഇങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നും വ്യാജമാണെന്നും വെളിപ്പെടുത്തിയത്.

അതേസമയം, അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വിധേയമാക്കുന്നത്. ഇരുവരുടെയും കീഴില്‍ ടീമില്‍ തലമുറ മാറ്റം തന്നെയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അഗാര്‍ക്കറും ഗംഭീറും എത്തിയതോടെയാണ് ടെസ്റ്റ് ടീമിലും ഏകദിന ടീമിലും ക്യാപ്റ്റന്‍സി മാറ്റമുണ്ടായത്.

ജൂണില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ട് മുമ്പ് ഏകദിനത്തിലും താരത്തിന് ക്യാപ്റ്റന്‍സി നല്‍കി. രോഹിത് ശര്‍മയെ മാറ്റിയായിരുന്നു തീരുമാനം. ഒപ്പം ഗില്ലിനെ ടി – 20യില്‍ വൈസ് ക്യാപ്റ്റന്റെ കുപ്പായവും സമ്മാനിച്ചിരുന്നു.

Content Highlight: Navjot Singh Sidhu says  ‘BCCI Should Remove Ajit Agarkar, Gautam Gambhir’ Post is fake

We use cookies to give you the best possible experience. Learn more