| Friday, 29th August 2025, 12:36 pm

നവീന്‍ ബാബുവിന്റെ ആത്മഹത്യ; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി തള്ളി.

എസ്.ഐ.ടി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസ് തലശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

കുറ്റപത്രത്തില്‍ 13 പിഴവുകളുണ്ടെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കേസില്‍ ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജകേസ് നവീന്‍ ബാബുവിന് എതിരെ കെട്ടിച്ചമയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ട്. പി.പി ദിവ്യയുടെയും ജില്ലാ കളക്ടറുടെയും ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് അന്വേഷണസംഘം പരിശോധിച്ചത്. ഫോണ്‍ കോള്‍ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും കുടുംബം പറയുന്നുണ്ട്.

സി.ഡി.ആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

പി.പി ദിവ്യക്കും പ്രശാന്തനുമെതിരായ എതിരായ അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബത്തിന്റെ പരാതികളൊന്നും എസ്.ഐ.ടി അന്വേഷിച്ചില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.

കണ്ണൂര്‍ പള്ളിക്കുന്നിലെ താമസസ്ഥലത്ത് ഒക്ടോബര്‍ 15നാണ് എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് പരിപാടിക്കിടെ എത്തിയ പി.പി ദിവ്യ കളക്ടറുടെ സാന്നിധ്യത്തില്‍ നവീന്‍ ബാബുവിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഉയര്‍ന്ന ആരോപണം.

കേസില്‍ പി.പി ദിവ്യയെ പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 82 സാക്ഷികളാണുള്ളത്.

Content Highlight: Naveen Babu’s suicide; Family’s petition seeking further investigation rejected

We use cookies to give you the best possible experience. Learn more