തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റേതാണ് ഈ ഉത്തരവ്.
2023 ഡിസംബറില്‍ നടന്ന നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്.
സംഭവത്തില്‍ അന്നത്തെ കെ.എസ്.യു ജില്ലാ പ്രസിഡന്റും നിലവില്‍ ആലപ്പുഴ എം.എല്‍.എയുമായ എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
ഒരു ‘രക്ഷാപ്രവര്‍ത്തനം’ ആയിരുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നടപടിയെ ന്യായീകരിച്ചിരുന്നത്.
തുടക്കത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ നേരിട്ട് കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.
സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംഭവത്തില്‍ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ചട്ടവിരുദ്ധമാണെന്നും പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായും എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോടതി വിധി നിരാശാജനകമാണെന്ന് എ.ഡി. തോമസ് എം.എല്‍.എ പ്രതികരിച്ചു. വിധി വിശദമായി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
Content Highlight: ‘Navakerala Yathra’: Anticipatory bail granted to former CM’s gunman and others