| Tuesday, 21st April 2026, 10:20 am

എന്നെ ഒരു ക്രിക്കറ്റ് ആരാധകനാക്കി മാറ്റിയത് അദ്ദേഹമാണ്: നൊവാക് ദ്യോകോവിച്ച്

Sudev A

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്. താന്‍ ക്രിക്കറ്റ് കാണാന്‍ കാരണക്കാരന്‍ കോഹ്ലിയാണെന്നാണ് ദ്യോകോവിച്ച് പറഞ്ഞത്. ഇന്ത്യയിലേക്ക് വരുമ്പോള്‍ കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും ദ്യോകോവിച്ച് വ്യക്തമാക്കി. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെര്‍ബിയന്‍ ഇതിഹാസം.

”വിരാട് എന്റെ സുഹൃത്താണ്. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ക്രിക്കറ്റ് കാണാനും പിന്തുടരാനും തുടങ്ങിയതിന്റെ കാരണം അദ്ദേഹമാണ്. ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഞാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ടെന്നീസിലെയും ക്രിക്കറ്റിലെയും താരങ്ങളുമായി കുറച്ചു പോസിറ്റീവ് വൈബുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു” നൊവാക് ദ്യോകോവിച്ച് പറഞ്ഞു.

കോഹ്ലി നിലവില്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി തന്റെ 37ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്നും 247 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

ഈ സീസണില്‍ മികച്ച മുന്നേറ്റമാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍.സി.ബി നടത്തിക്കൊണ്ടിരിക്കുന്നത്. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് ജയവും രണ്ട് തോല്‍വിയുമടക്കം എട്ട് പോയിന്റാണ് ബെംഗളൂരുവിനുള്ളത്. ഏപ്രില്‍ 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.

ഈ മത്സരത്തില്‍ ഒരു പുതിയ നാഴികക്കല്ലും കോഹ്ലിക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഐ.പി.എല്ലില്‍ 300 സിക്സുകള്‍ എന്ന നാഴികക്കല്ലാണ് കോഹ്ലിയുടെ മുന്നിലുള്ളത്. ഇതിനായി കോഹ്ലിക്ക് വേണ്ടത് വെറും ഒരു സിക്‌സാണ്. നിലവില്‍ താരത്തിന് 264 ഇന്നിങ്സില്‍ നിന്നും 299 സിക്സുകളുണ്ട്. ഗുജറാത്തിനെതിരെ ഒരു സിക്‌സ് നേടിയാല്‍ ഐ.പി.എല്ലില്‍ 300 സിക്സടിക്കുന്ന മൂന്നാമത്തെ താരമാകാന്‍ വിരാടിന് സാധിക്കും. ക്രിസ് ഗെയ്‌ലും രോഹിത് ശര്‍മയുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ഗെയ്‌ലിന് 357 സിക്സുകളും രോഹിത്തിന് 310 സിക്സുകളുമാണുള്ളത്.

Content Highlight: Novak Djokovic talks about Indian legend Virat Kohli

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more