| Friday, 8th August 2025, 9:32 pm

'എനിക്ക് വാഗ്ദാനം ചെയ്ത സഹായം നാട്ടികയിലെ നിര്‍ധനര്‍ക്ക് നല്‍കണം'; യൂസഫലിയോട് സി.സി. മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: യൂസഫലിയുടെ സഹായം വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിക്കുന്നതായി നാട്ടിക എം.എല്‍.എ സി.സി മുകുന്ദന്‍. തനിക്ക് വാഗ്ദാനം ചെയ്ത സഹായം നാട്ടികയിലെ നിര്‍ധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കും തുകയായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു.

ഒരുപക്ഷേ അത് അവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മാറ്റുന്ന വലിയൊരു ചേര്‍ത്തുപിടിക്കലായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ പാടില്ലായിരുന്നുവെന്ന് താന്‍ സ്വയം വിമര്‍ശനപരമായി തിരിച്ചറിയുന്നുവെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നട്ടം തിരിഞ്ഞപ്പോള്‍ സംഭവിച്ചുപോയ ഗതികേടായിരുന്നു അതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക നേട്ടത്തിനായി എം.എല്‍.എ എന്ന പദവിയെ താന്‍ ഉപയോഗിച്ചിട്ടില്ല. ശമ്പളമായി ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം പൊതുപ്രവര്‍ത്തനരംഗത്ത് തന്നെയാണ് വിനിയോഗിക്കുന്നത്. അതുകഴിഞ്ഞാല്‍ കാര്യമായൊന്നും മിച്ചം വരാറില്ല എന്നുള്ളതാണ് സത്യം. അത്തരം ഒരു അവസ്ഥയിലാണ് വീടിന്റെ വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചതെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു.

‘ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ചുമട്ടുത്തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ച വ്യക്തിയാണ് ഞാന്‍. എനിക്ക് എന്റെ പാര്‍ട്ടിയും ജനങ്ങളും നല്‍കിയ വലിയൊരു അംഗീകാരവും ഉത്തരവാദിത്തവുമാണ് എം.എല്‍.എ എന്ന പദവി. നാട്ടിലെ ഒരുപാട് മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസവും കല്യാണവുമൊക്കെ നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ അപൂര്‍വം ഉണ്ടായിരിക്കാം.

എന്നാല്‍ അത്തരത്തില്‍ സ്വന്തം കാര്യത്തിനായി ഒരാളുടെയും മുന്നില്‍ പോയി നില്‍ക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഞാന്‍ കമ്മ്യൂണിസം എന്ന ആശയത്തില്‍ ഉറച്ച് വിശ്വസിക്കുന്നു എന്നതുകൊണ്ടാണ്. എന്റെ രാഷ്ട്രീയ സംശുദ്ധതയില്‍ കറപുരട്ടിക്കൊണ്ട് ഒരു നിമിഷം പോലും പ്രവര്‍ത്തനരംഗത്ത് തുടരില്ലെന്ന് ജനങ്ങളെ അറിയിക്കുകയാണ്. അതാണ് ഞാന്‍ എന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും പഠിച്ചത്,’ എം.എല്‍.എ കുറിച്ചു.

വീടിനുള്ളില്‍ കാലുവഴുതി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കുമ്പോള്‍ തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എം.എല്‍.എ നന്ദിയറിയിക്കുകയും ചെയ്തു.

Content Highlight: ‘The help promised to me should be given to the poor in the Nattika’; C.C. Mukundhan to Yusuffali

We use cookies to give you the best possible experience. Learn more