| Friday, 25th July 2025, 5:50 pm

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണു; നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വീടിനുള്ളില്‍ തെന്നിവീണതിനെ തുടര്‍ന്ന് നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന് പരിക്ക്. വീട്ടിലെ ചോര്‍ച്ചയുള്ള ഭാഗത്ത് തെന്നിവീണതിന് പിന്നാലെയാണ് എം.എല്‍.എയ്ക്ക് പരിക്കുണ്ടായത്.

എം.എല്‍.എയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് എം.എല്‍.എയുടെ കാല് പ്ലാസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിന് ശേഷം ഇന്നലെ (വ്യാഴം) മടങ്ങിയെത്തിയപ്പോഴാണ് സംഭവം.

സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത എം.എല്‍.എയുടെ പേരില്‍ നിലവില്‍ 18 ലക്ഷത്തിന്റെ കടബാധ്യതയുണ്ട്. തിരിച്ചടവ് തെറ്റിയതോടെയാണ് കടം ഉയര്‍ന്നത്. എന്നാല്‍ വീടും കാറും വിറ്റ് കടം വീട്ടാനാണ് തീരുമാനമെന്ന് എം.എല്‍.എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അഞ്ചര സെന്റ് ഭൂമിയും വീടുമാണ് തന്റെ പേരിലുള്ളത്. ഈ ഭൂമി വിറ്റ് കടം വീട്ടണമെന്നും എം.എല്‍.എ പറയുന്നു.

പക്ഷെ എം.ല്‍.എയുടെ വീടിന്റെ മുന്‍ഭാഗം മാത്രമാണ് നിലവില്‍ വാര്‍ത്തിട്ടുള്ളത്. ചില ഭാഗത്ത് ഇപ്പോഴും ഓടാണ് ഇട്ടിരിക്കുന്നത്. ഓടിട്ടിരിക്കുന്ന ഇടങ്ങളില്‍ വലിയ രീതിയില്‍ ചോര്‍ച്ചയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

നേരത്തെ സി.പി.ഐ തൃശൂർ ജില്ലാ കമ്മറ്റിയില്‍ നിന്ന് സി.സി. മുകുന്ദനെ പുറത്താക്കിയിരുന്നു. 2021ല്‍ എം.എല്‍.എ ആയതുമുതല്‍ പേഴ്സണല്‍ അസിസ്റ്റന്റായ മസൂദ് കെ. വിനോദിനെ മാറ്റിത്തരണമെന്ന് മുകുന്ദന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാതിരുന്നത് എം.എല്‍.എയെ ചൊടിപ്പിക്കുകയായിരുന്നു.

വി.എസ്. സുനില്‍ കുമാര്‍ മന്ത്രിയായിരിക്കുമ്പോളും എം.എല്‍.എ ആയിരിക്കുമ്പോളും മസൂദ് ആയിരുന്നു പി.എ. മസൂദ് തന്റെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തെന്നാണ് എം.എല്‍.എ പരാതി ഉയര്‍ത്തിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.സി. മുകുന്ദന്‍ നിയമസഭയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

പിന്നാലെ പി.എ മസൂദ് പി.എ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ മസൂദിനെതിരെ കര്‍ശന വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമുണ്ടായി. എന്നാല്‍ കേസ് കോടതിയില്‍ എത്തിയതോടെ മൊഴി മാറ്റാന്‍ എം.എല്‍.എക്കുമേല്‍ പാര്‍ട്ടി ഉന്നത തലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. പക്ഷെ എം.എല്‍.എ വഴങ്ങിയില്ല.

തുടര്‍ന്ന് ജില്ലാ സമ്മേളനം അവസാനിച്ചപ്പോള്‍ ജില്ലയിലെ എം.എല്‍.എമാരെല്ലാം ജില്ലാ കൗണ്‍സിലില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സി.സി. മുകുന്ദന്‍ തഴയപ്പെടുകയായിരുന്നു. മുകുന്ദനെ ഒഴിവാക്കിയതില്‍ സി.പി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നടപടിക്ക് പിന്നാലെ പാര്‍ട്ടി പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്നും വ്യക്തിപരമായ ചില അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകാമെന്നും സി.സി. മുകുന്ദന്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല, പാര്‍ട്ടി നേതൃസ്ഥാനം നഷ്ടമായതിലല്ല മുന്‍ഗണനയെന്നും ജപ്തിഭീഷണിയിലുള്ള തന്റെ വീടിന്റെ അവസ്ഥയാണ് പ്രധാനമെന്നും എം.എല്‍.എ പറഞ്ഞിരുന്നു.

Content Highlight: Nattika MLA C.C. Mukundan injured after slipping in leaking house

We use cookies to give you the best possible experience. Learn more