[]കൊച്ചി: ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ താരങ്ങള്‍ക്കായി പുതിയ കോച്ച് അനുവദിച്ചു.
എം.ബി രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കായി പുതിയ കോച്ച് ഒരുക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ വച്ച് പ്രത്യേക കോച്ച് ധന്‍ബാദ് എക്‌സ്പ്രസുമായി കൂട്ടി യോജിപ്പിക്കും.
മീറ്റില്‍ പങ്കെടുക്കാനായി റാഞ്ചിയിലേക്ക് തിരിച്ച 142 താരങ്ങളില്‍ 22 പേര്‍ക്ക് മാത്രമാണ് റിസര്‍വേഷന്‍ ടിക്കറ്റ് ലഭിച്ചിരുന്നത്.
ബാക്കി 120 പേരും ജനറല്‍ കമ്പാര്‍ട്‌മെന്റിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് ഇന്ന് രാവിലെ ധന്‍ബാദ് എക്‌സ്പ്രസിലാണ് താരങ്ങള്‍ യാത്ര തിരിച്ചിരിക്കുന്നത്.
രണ്ട് രാത്രിയും രണ്ട് പകലും താരങ്ങള്‍ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യണം. കേരളത്തിന്റെ ദേശീയ താരമായ പി.യു ചിത്രയുള്‍പ്പെടുന്ന താര സംഘത്തിനാണ് സംസ്ഥാനത്തിന്റെ കടുത്ത അവഗണന നേരിടേണ്ടി വന്നിരിക്കുന്നത്.
തുടര്‍ച്ചയായി 16 തവണ ദേശീയ സ്‌കൂള്‍ മീറ്റില്‍ കിരീടം നേടിയ ടീമാണ് കേരളത്തിന്റേത്.
സംഘത്തില്‍ ഇപ്പോള്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യുന്ന താരങ്ങളുടെ ടിക്കറ്റുകള്‍ മൂന്നു ദിവസം മുമ്പ് തന്നെ ഉറപ്പായതാണ്.
ബാക്കിയുള്ളവരുടെ യാത്രാടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ഇത്രയും ദിവസങ്ങള്‍ ബാക്കി നിന്നിട്ടും താരങ്ങള്‍ ജറല്‍ കമ്പാര്‍ട്‌മെന്റില്‍ തന്നെ യാത്ര ചെയ്യാനിടയായ സാഹചര്യം കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ഇത്തവണ യാത്ര സുഗമമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അങ്ങനെയാവാഞ്ഞതില്‍ നിരാശയുണ്ടെന്നും ചിത്രയുള്‍പ്പെടെയുള്ള താരങ്ങള്‍ പറഞ്ഞു.
ദേശീയ സ്‌കൂള്‍ മീറ്റില്‍ ചിത്ര, ഹൈജമ്പ് ദേശീയ റെക്കോര്‍ഡുകാരനായ ശ്രീനിത് മോഹന്‍, പി.ടി ഉഷയുടെ ശിഷ്യയും അത്‌ലറ്റുമായ ജെസ് ജോസഫ് എന്നിവരുള്‍പ്പെടെ നിരവധി താരങ്ങളുടെ അവസാനത്തെ അവസരമാണ് ഇത്.