വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണിന് ഭൂരിപക്ഷം നഷ്ടമായി. പുതിയ കക്ഷി ഓപ്പര്‍ച്യുണിറ്റി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെങ്കിലേ ക്രിസ്റ്റഫറിന് അധികാരത്തില്‍ തുടരാന്‍ സാധിക്കൂ.
നവംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങളില്‍ ലക്സണിന്റെ നാഷണല്‍ പാര്‍ടി ഉള്‍പ്പെടുന്ന വലതുപക്ഷ കക്ഷികള്‍ നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് കരുതിയിരുന്നു. അന്തിമഫലത്തില്‍ ഏതാനും സീറ്റുകള്‍ നഷ്ടമായതോടെ രാജ്യം തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
തെരഞ്ഞെടുപ്പില്‍ നവാഗത പാര്‍ട്ടിയായ ഓപ്പര്‍ച്ച്യൂണിറ്റി ഏഴ് സീറ്റുകള്‍ നേടി. പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജിയില്‍ ജോലി ചെയ്യുന്ന 38 കാരി ക്യുലേ വോങ് നയിക്കുന്ന ഓപ്പര്‍ച്ച്യൂണിറ്റി കഴിഞ്ഞ ആഗസ്റ്റില്‍ ഒരു ശതമാനം മാത്രം പിന്തുണ രേഖപ്പെടുത്തിയിരുന്ന പാര്‍ടിയായിരുന്നു.=
പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലകസന്റെ നേതൃത്വത്തിലുള്ള നാഷണല്‍ പാര്‍ട്ടി പാര്‍ലമെന്റിലെ 130 സീറ്റില്‍ 40 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷികളായ എ.സി.ടി 13 സീറ്റും ന്യൂസിലാന്‍ഡ് ഫസ്റ്റ് 12ഉം സീറ്റുകളും നേടി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് മൊത്തം 66 സീറ്റുകളാണ് വേണ്ടത്. ഒരു സീറ്റിന്റെ കുറവിലാണ് നാഷണല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായത്.
പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 36ഉം, ഗ്രീന്‍ പാര്‍ട്ടിക്ക് 17ഉം, ടെ പാറ്റി മാവോറിക്ക് 5ഉം സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് പുതിയ പാര്‍ടിയുടെ നിലപാട് നിര്‍ണായകമാവുന്നത്.
ചര്‍ച്ചകള്‍ ‘വെല്ലുവിളി നിറഞ്ഞതായിരിക്കാമെന്നും’ കുറച്ച് സമയമെടുക്കുമെന്നും ലക്സണ്‍ വെള്ളിയാഴ്ച പറഞ്ഞു. ‘വെല്ലുവിളികള്‍ ഉണ്ടാകുന്ന ഒരു കരാറിലേക്ക് തിടുക്കം കൂട്ടുന്നതിനോ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തിരിച്ചയക്കുന്നതിനോ ന്യൂസിലാന്‍ഡ് ജനങ്ങള്‍ക്ക് താത്പര്യമില്ല,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലേബര്‍ പാര്‍ട്ടി നേതാവ് ക്രിസ് ഹിപ്കിന്‍സ് തന്റെ പാര്‍ട്ടി ‘അവിശ്വസനീയമായ ഒരു പ്രചാരണമാണ് നടത്തിയതെന്ന് പറഞ്ഞു. എന്നാല്‍ ജനകീയ വോട്ട് നേടിയിട്ടും അവര്‍ക്ക് ചര്‍ച്ചാ അധികാരമില്ലെന്ന് സമ്മതിച്ചു. ‘ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ന്യൂസിലാന്‍ഡുകാര്‍ നിലവിലുള്ള അവസ്ഥയെക്കാള്‍ മാറ്റത്തിനാണ് വോട്ട് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നാഷണലുമായി ചര്‍ച്ച നടത്തുമെങ്കിലും എല്ലാ ഓപ്ഷനുകളും പരിഗണിക്കുമെന്ന് ഓപ്പര്‍ച്യുണിറ്റിയുടെ നേതാവ് ക്യുലേ വോങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘പാര്‍ലമെന്റില്‍ ഏഴ് പാര്‍ട്ടികളുണ്ട്, ന്യൂസിലാന്‍ഡിന് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ നല്‍കുന്നതിന് ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല,’ അവര്‍ വെള്ളിയാഴ്ച പറഞ്ഞു.
Content Highlight: National Party loses majority in New Zealand election