| Friday, 26th September 2025, 10:55 pm

സേട്ടുസാഹിബിന്റെ നിലപാടുകളെ കുറിച്ച് സാദിഖലി തങ്ങള്‍ക്ക് അറിയില്ലെങ്കില്‍ പി.എം.എ സലാമിനോടും നെല്ലിക്കുന്നിനോടും ചോദിച്ചാല്‍ മതി: എ.പി. അബ്ദുല്‍ വഹാബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായതെന്ന മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്.

നരസിംഹറാവുവിന്റെ അധികാര കസേരക്ക് മുന്നില്‍ വാലാട്ടുന്ന എച്ചില്‍ നക്കിയായി മുസ്ലിം ലീഗ് തരംതാഴ്ന്നത് കൊണ്ടാണ് സേട്ടു സാഹിബ് ലീഗ് വിട്ടതും പുതിയ പാര്‍ട്ടിയുണ്ടാക്കിയതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാത്തത് കൊണ്ടാണ് സേട്ടു സാഹിബ് ലീഗിനെ ഉപേക്ഷിച്ചതെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന സ്വന്തം വിവരക്കേടിന്റെയും പക്വതക്കുറവിന്റെയും വെളിപ്പെടുത്തലാണെന്നും നിലവാരം കെട്ട വെറും ജല്‍പനമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അബ്ദുല്‍ വഹാബ് വിമര്‍ശിച്ചു.

സാദിഖലി തങ്ങള്‍ക്ക് സേട്ടു സാഹിബിന്റെ നിലപാടുകളെ കുറിച്ച് വല്ല അറിവുകേടുമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനോടോ കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനോടോ ചോദിച്ചറിഞ്ഞാല്‍ മതിയെന്ന് അബ്ദുല്‍ വഹാബ് പ്രതികരിച്ചു.

മുസ്‌ലിം ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐ.എന്‍.എല്‍ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെയും അബ്ദുല്‍ വഹാബ് വിമര്‍ശിച്ചു. സതീശന്‍ അയാളുടെ ‘തനിനിറം’ കാണിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

നേരത്തെ, വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് സാദിഖലി തങ്ങള്‍ ‘മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായത്. അങ്ങനെ കണ്ടാല്‍ മതി നിങ്ങള്‍,’ എന്ന് ഒറ്റ വരിയില്‍ വിമര്‍ശനം ഉന്നയിച്ചത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമര്‍ശിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഐ.എന്‍.എല്ലിനെ കുറിച്ച് പരാമര്‍ശിച്ചത്.

‘സി.പി.ഐ.എം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാര്‍ട്ടി ആണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐ.എന്‍.എല്‍. ഐ.എന്‍.എല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദന്‍ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്. അവര്‍ വേറെ പണി നോക്കിയാല്‍ മതി’, എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

അതേസമയം, ആര്‍.എസ്. എസ് സ്ഥാപക നേതാക്കളുടെ ഫോട്ടോ കാണുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന വി.ഡി. സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ അസീസ് ഇതിനോട് പ്രതികരിച്ചത്.

മൂന്നര പതിറ്റാണ്ടോളമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന തങ്ങളെ അടുത്തറിഞ്ഞവരാണ് കേരളീയ പൊതു സമൂഹം, അവരോടുള്ള താങ്കളുടെ ഉണ്ടയില്ലാ വെടി സ്വന്തം ആസനത്തിലാണ് തറയ്ക്കുന്നതെന്ന ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഘപരിവാറിനെതിരെ സന്ധിയില്ലാസമരം നയിച്ച സേട്ട് സാഹിബിനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും താങ്കളുടെ വര്‍ഗീയ മനസ്സിന് മാപ്പില്ലെന്നുമായിരുന്നു അബ്ദുല്‍ അസീസിന്റെ പ്രതികരണം.

Content Highlight: If Sadiqali Thangal and others don’t know about Seit Sahib’s stance, they should ask PMA Salam and Nellikunnu: AP Abdul Wahab

We use cookies to give you the best possible experience. Learn more