| Monday, 15th June 2026, 11:12 pm

വഖഫ്: സര്‍ക്കാരിന്റെ പുതിയ നീക്കം ആര്‍.എസ്.എസ് താത്പര്യം സംരക്ഷിക്കാനെന്ന് നാഷണല്‍ ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഹാരിസ് മുഹമ്മദിനെ സ്ഥലം മാറ്റിയത് അടക്കമുള്ള നടപടികള്‍ ആര്‍.എസ്.എസ് താത്പര്യം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളാണെന്ന് നാഷണല്‍ ലീഗ്.

ഹാരിസ് മുഹമ്മദിനെ മാനദന്ധങ്ങള്‍ മറികടന്ന് സ്ഥലം മാറ്റി രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് പുതിയ ഒരാള്‍ക്ക് ചുമതല കൊടുത്തത് മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സങ്കുചിത താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനാണന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് ആരോപിച്ചു.

മുനമ്പത്തെ വഖഫ് ഭൂമി കേന്ദ്രസര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യം നിലവിലിരിക്കെ ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ തന്നെ സി.ഇ.ഒയെ സ്ഥലം മാറ്റിയത് ദുരൂഹമാണെന്ന് സതീശനും ആര്‍.എസ്.എസുമായുള്ള ഗൂഡാലോചനയാണെന്ന് നാഷണല്‍ ലീഗ് ആരോപിച്ചു.

‘കഴിഞ്ഞ ദിവസം മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നടത്തിയ മുനമ്പം വഖഫ് വിരുദ്ധ പ്രസ്താവനയും മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ പുതിയ നീക്കവും ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നു, എന്നും എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.

മുസ്‌ലീം ലീഗും ആര്‍.എസ്.എസ് അജണ്ടയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും നാഷനല്‍ ലീഗ് നേതാവ് ആരോപിച്ചു. രാജ്യത്താകമാനം വഖഫ് ഭൂമി അന്യധീനപ്പെടുത്തുകയും കയ്യടക്കുകയും ചെയ്യുക എന്ന ആര്‍.എസ്.എസ് അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്നും നാഷനല്‍ ലീഗ് നേതാവ് പറഞ്ഞു.

‘രാജ്യത്താകമാനം വഖഫ് ഭൂമി അന്യധീനപ്പെടുത്തുകയും കയ്യടക്കുകയും ചെയ്യുക എന്ന ആര്‍.എസ്.എസ് അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്ന വി.ഡി. സതീശന് കൂട്ടുനില്‍ക്കുകയാണ് വഖഫ് വകുപ്പ് ഭരിക്കുന്ന ലീഗ് മന്ത്രിയും ആപാര്‍ട്ടിയും എന്ന കാര്യം ഞെട്ടിക്കുന്നതാണ്,’ ഐ.എന്‍.എല്‍ നേതാവ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പത്തുവര്‍ഷമായി വഖഫ് ഭൂമിക്ക് ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രചരണം നടത്തി അധികാരത്തില്‍ വന്നവരാണ് സതീശനൊപ്പം ആര്‍.എസ്.എസ് താല്പര്യത്തിന് കൂട്ടുനില്‍ക്കുന്നതെന്നും അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

Content Highlight: National League allegations against UDF government on Waqf Board CEO Change

We use cookies to give you the best possible experience. Learn more