| Wednesday, 22nd October 2025, 9:39 pm

ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ഡി.ജി.പിക്ക് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിന് പുറമെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ബുധനാഴ്ച നോട്ടീസയച്ചത്.

ഓഗസ്റ്റ് 30ന് നടന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളിലാണ് കേരളത്തിനും മണിപ്പൂരിനും  നോട്ടീസയച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21ന് നടന്ന സംഭവത്തിലാണ് ത്രിപുരയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ മൂന്ന് കേസുകളിലും സ്വമേധയാ കേസെടുത്തെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അതത് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന് നോട്ടീസ് ലഭിക്കാന്‍ കാരണമായിരിക്കുന്നത് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ ആക്രമണമാണ്.

ഓഗസ്റ്റ് 30ന് രാത്രിയോടെ തൊടുപുഴയിലെ മാങ്ങാട്ടുകവലയില്‍ വെച്ച് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

ഒരു കൂട്ടം ആളുകള്‍ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ത്രിപുരയില്‍ ഹെസമാരയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വസ്ത്രവിതരണ പരിപാടിക്കിടെ വടിവാളും ആയുധങ്ങളും ഉപയോഗിച്ച് ഒരു സംഘം അക്രമികള്‍ പത്രപ്രവര്‍ത്തകനെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ വാഹനവും മോഷ്ടിക്കപ്പെട്ടിരുന്നു.

മണിപ്പൂരില്‍ സേനാപതി ജില്ലയിലെ ലായ് ഗ്രാമത്തിലാണ് പുഷ്മപമേള റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. എയര്‍ ഗണ്‍ ഉപയോഗിച്ച് രണ്ട് തവണ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടിയിരുന്നു.

ഈ സംഭവങ്ങളുടെ ഗൗരവം മനസിലാക്കി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സുതാര്യത പ്രോത്സാഹിപ്പിക്കാനും മാധ്യമപ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമായതിനാല്‍ അവര്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണമെന്ന് കമ്മീഷന്‍ പുറത്തിറക്കിയ പത്രിക്കുറിപ്പില്‍ പറയുന്നു.

Content Highlight: National Human Rights Commission takes suo motu action in attack on Shajan Skaria; notice issued to DGP

We use cookies to give you the best possible experience. Learn more