| Sunday, 30th November 2025, 10:08 am

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനും സോണിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. ദല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.

സോണിയക്കും രാഹുലിനും പുറമെ കോണ്‍ഗ്രസ് നേതാവായ സാം പിത്രോഡ, നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍ കമ്പനി എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ എ.ജെ.എല്ലിന്റെ ഹോള്‍ഡിങ് കമ്പനിയാണ് യങ് ഇന്ത്യ. ഈ കമ്പനി വഴി എ.ജെ.എല്ലിനെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തു എന്നാണ് കേസ്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് പത്രത്തിന് 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു. പിന്നീട് 2010ല്‍ സോണിയ ഗാന്ധി പ്രധാന ഷെയര്‍ഹോള്‍ഡറും, രാഹുല്‍ ഗാന്ധി ഡയറക്ടറുമായ യങ് ഇന്ത്യ കമ്പനിയുടെ കീഴിലേക്ക് നാഷണല്‍ ഹെറാള്‍ഡിന്റെ ബാധ്യതകള്‍ മാറ്റി.

പണം തിരിച്ചു നല്‍കാന്‍ എ.ജെ.എല്ലിന് സാധിക്കാതിരുന്നതോടെ എ.ജെ.എല്ലിന്റെ 2000കോടി രൂപയുടെ സ്വത്തുക്കള്‍ യങ് ഇന്ത്യ വാങ്ങി. 50 ലക്ഷം മുതല്‍ മുടക്കില്‍ ആരംഭിച്ച യങ് ഇന്ത്യ എന്‍.ജി.ഒ കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നും, ഇതില്‍ ഷെയര്‍ ഉള്ള രാഹുല്‍ 154 കോടി രൂപ നേടിയിട്ടുണ്ടെന്നുമാണ് ആരോപണം.

സംഭവത്തില്‍ പരാതി ഉന്നയിച്ച് ബി.ജെ.പി നേതാവായ സുബ്രഹ്‌മണ്യ സ്വാമിയാണ് ദല്‍ഹി പട്യാല കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2014ല്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. 2015ല്‍ തെളിവില്ലെന്ന് കണ്ടെത്തി കോടതി അവസാനിപ്പിച്ച കേസില്‍ പിന്നീട് പുനരന്വേഷണം നടത്തുകയായിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ഒക്ടോബര്‍ 3ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് കൈമാറി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി പൊലീസ് ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്.

Content Highlight: National Herald case: Criminal conspiracy charges filed against Rahul and Sonia

We use cookies to give you the best possible experience. Learn more