| Wednesday, 17th June 2026, 9:02 pm

നാഷണല്‍ കോണ്‍ഫറന്‍സിന്റെ തത്വങ്ങള്‍ വില്പനയ്ക്കുള്ളതല്ല; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഒമര്‍ അബ്ദുള്ള

ആദര്‍ശ് എം.കെ.

ശ്രീനഗര്‍: അധികാരത്തിന് വേണ്ടി തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാന മൂല്യങ്ങളിലോ നാഷണല്‍ കോണ്‍ഫറന്‍സ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ദേശീയ തലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ തത്വങ്ങള്‍ വില്പനയ്ക്കുള്ളതല്ല എന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി), ശിവസേന-യു.ബി.ടി വിഭാഗം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളിലെ ചില എം.പിമാര്‍ ചില വിഷയങ്ങളില്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നാഷണല്‍ കോണ്‍ഫറന്‍സ് അതിന്റെ ചരിത്രം, പ്രത്യയശാസ്ത്രം, ജമ്മു കശ്മീരിലെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിലൂന്നിയായിരിക്കും മുന്നോട്ട് പോവുക എന്ന് അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ മൂല്യങ്ങള്‍ വിട്ടുകളയാന്‍ യാതൊരുവിധ വാഗ്ദാനങ്ങള്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അവലോകനവും നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ കാര്യങ്ങള്‍ പറഞ്ഞത്.

വിവിധ മേഖലകളിലായി ഏകദേശം 300 കോടി രൂപയുടെ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

റോഡുകള്‍, കുടിവെള്ള വിതരണം, വൈദ്യുതി, പൊതു സൗകര്യങ്ങള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരിശോധിച്ചു. വികസന പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കണമെന്നും സേവന വിതരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രദേശവാസികളുമായും വിവിധ നിവേദക സംഘങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. റോഡ് കണക്റ്റിവിറ്റി, കുടിവെള്ളം, തൊഴിലവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ ഉന്നയിച്ച പരാതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ രാഷ്ട്രീയത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടായാലും ജനക്ഷേമത്തിനും ഭരണത്തിനുമായിരിക്കും തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും, നാഷണല്‍ കോണ്‍ഫറന്‍സ് അതിന്റെ സ്ഥാപിത തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

Content Highlight: National Conference’s principles are not for sale; Omar Abdullah clarifies political stance

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more