| Thursday, 19th February 2026, 6:54 am

94 ശതമാനം ഫണ്ടും വകമാറ്റി നല്‍കിയ യു.പിയില്‍ പോയി ചോദിക്കൂ; ജമ്മുവിലെ ബി.ജെ.പി എം.പിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ്

ആദര്‍ശ് എം.കെ.

ശ്രീനഗര്‍: ശ്രീനഗറില്‍ തനിക്ക് ഔദ്യോഗിക വസതി വേണമെന്നാവശ്യപ്പെട്ട ബി.ജെ.പി എം.പി ഗുലാം അലി ഖതാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ്.

ജമ്മു കശ്മീരില്‍ നിന്നുള്ള രാജ്യസഭാ എം.പിയായിരിക്കെ തന്റെ പ്രാദേശിക ഫണ്ടിന്റെ ഭൂരിഭാഗവും അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ചെലവഴിച്ചതിന് പിന്നാലെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും എം.എല്‍.എയുമായ തന്‍വീര്‍ സാദിഖ് പരിഹാസവുമായി രംഗത്തെത്തിയത്.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബി.ജെ.പി നേതാവിനെതിരെ സാദിഖ് വിമര്‍ശനമുന്നയിച്ചത്.

ജമ്മു കശ്മീരിലെ പാര്‍ലമെന്ററി ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് ശ്രീനഗറില്‍ സര്‍ക്കാര്‍ താമസസൗകര്യം ഒരുക്കണമെന്നാണ് ഗുലാം അലി ആവശ്യപ്പെട്ടത്. എന്നാല്‍, ജമ്മു കശ്മീരില്‍ നിന്നുള്ള പ്രതിനിധിയായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇദ്ദേഹം, തന്റെ ഫണ്ട് അയല്‍സംസ്ഥാനമായ യു.പിയിലാണ് വിനിയോഗിച്ചതെന്ന് സാദിഖ് ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ ഗോത്രവര്‍ഗ, ഗുജ്ജര്‍ വിഭാഗങ്ങളെ പ്രതിനിധിയായാണ് ഗുലാം അലി രാജ്യസഭയിലെത്തിയത്. അദ്ദേഹവും കുടുംബവും താമസിക്കുന്നത് ഇവിടെയാണെങ്കിലും വികസന ഫണ്ട് വിനിയോഗിച്ചത് മറ്റൊരിടത്താണെന്നും തന്‍വീര്‍ സാദിഖ് പറഞ്ഞു.

‘അദ്ദേഹം ഇവിടെ ഔദ്യോഗിക വസതി ആവശ്യപ്പെട്ടതായാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ ഇതൊരിക്കലും അനുവദിക്കാന്‍ സാധിക്കില്ല. അദ്ദേഹം യു.പി. സര്‍ക്കാരിനോട് വസതി ആവശ്യപ്പെടട്ടെ.

അദ്ദേഹവും കുടുംബവും ഇവിടെയാണ് ജീവിക്കുന്നത്. എന്നാല്‍ എം.പിയുടെ ഫണ്ട് വിനിയോഗത്തിലേക്ക് വരുമ്പോള്‍, അത് യു.പിയിലാണ് ചെലവഴിക്കുന്നത്. പിന്നെ എന്തിനാണ് ജമ്മു കശ്മീരിയില്‍ ഔദ്യോഗിക വസതി ആവശ്യപ്പെടുന്നത്?’ സാദിഖ് പറഞ്ഞു.

ഇതിനകം തന്നെ 90 എം.പിമാരുള്ള യു.പിയില്‍ ഫണ്ട് വിനിയോഗിക്കുകയും, വികസനം ഏറ്റവും കൂടുതല്‍ ആവശ്യമായ സ്വന്തം മണ്ഡലമായ ജമ്മു കശ്മീരിനെ അവഗണിക്കുകയും ചെയ്യുന്നത് വിചിത്രമാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കി.

വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാനത്ത് തന്നെ അദ്ദേഹം താമസസൗകര്യം തേടണമെന്നും ജമ്മു കശ്മീരില്‍ അദ്ദേഹത്തിന് ഔദ്യോഗിക വസതി നല്‍കേണ്ടതില്ലെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു

ഗുലാം അലി ഖതാന ഇതുവരെ അനുവദിച്ച 14.7 കോടി രൂപയുടെ വികസന പദ്ധതികളില്‍ 94 ശതമാനവും ഉത്തര്‍പ്രദേശിനാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം അനുമതി നല്‍കിയ ആകെയുള്ള 176 പദ്ധതികളില്‍ 144 എണ്ണവും (10.58 കോടി രൂപ) ഉത്തര്‍പ്രദേശിലാണ് നടപ്പിലാക്കുന്നത്.

സ്വന്തം സംസ്ഥാനമായ ജമ്മു കശ്മീരില്‍ വെറും 32 പദ്ധതികള്‍ക്കായി 94 ലക്ഷം രൂപ മാത്രമാണ് എം.പി അനുവദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

റോഡുകള്‍, കുടിവെള്ളം, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി പ്രതിവര്‍ഷം 5 കോടി രൂപ വീതം ചെലവഴിക്കാന്‍ ഓരോ എം.പിക്കും അധികാരമുണ്ട്. പദ്ധതികളും ജില്ലകളും തെരഞ്ഞെടുക്കാനുള്ള അവകാശം എം.പിക്കാണെന്നിരിക്കെയാണ് ഖതാന യുപിക്ക് മുന്‍ഗണന നല്‍കിയത്.

ഗുലാം അലിയുടെ ഈ നടപടി ജമ്മു കശ്മീരിലെ സാധാരണ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Content Highlight: National Conference leader Tanvir Sadiq slams BJP MP Ghulam Ali Khatana

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more