തിരുവനന്തപുരം: എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും ഇടത് അനുകൂല നിലപാടില്‍ ബി.ജെ.പിക്ക് ആശങ്ക. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ എന്‍.എന്‍.എസും എസ്.എന്‍.ഡി.പിയും പരസ്യമായി മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അനുകൂലിച്ചിരുന്നു. ഇത് ബി.ജെ.പിക്ക് ദോഷം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇരു സംഘടനകളുടെയും നേതാക്കളെ അനുനയിപ്പിക്കാന്‍ ദേശീയ നേതാക്കളെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച കൊല്ലത്ത് നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതിയുടെ ആദ്യ സമ്പൂര്‍ണ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കേരള നേതാക്കള്‍ ഈ സംഘടനകളുടെ നിലപാട് പരിപാടിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ അറിയിക്കും.
രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന പ്രസിഡന്റായതിന് ശേഷം എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമായി ബി.ജെ.പി അടുത്ത ബന്ധം പുലർത്തിയിരുന്നു. കൂടാതെ, ഉപരാഷ്ട്രപതിയാകുന്നതിന് മുമ്പ് സി.പി. രാധാകൃഷ്ണന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് വരാനിരിക്കുന്ന തെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്.
ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി പട്ടിക പുറത്ത് വന്നതിന് പിന്നാലെ ഈഴവ സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല.
അതിനിടെയിലാണ് ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുകയും ഇടത് സര്‍ക്കാരിനോട് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തത്.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് എല്‍.ഡി.എഫിനൊപ്പമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് ബി.ജെ.പിയും കോണ്‍ഗ്രസും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം പറഞ്ഞിരുന്നു. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി ആണെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും പറഞ്ഞിരുന്നു.
Content Highlight: National BJP leaders will arrive Kerala to discuss the pro left stance of NSS and SNDP