| Monday, 8th January 2018, 8:56 pm

തിയേറ്ററുകളിലെ ദേശീയഗാനം:ചട്ടം പുന:പരിശോധിക്കാന്‍ തയ്യാറെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ചട്ടത്തില്‍ നിലപാട് മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രം സത്യവാങ് മൂലം നല്‍കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് വിഷയം ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ് മൂലം.

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് രാജ്യസ്‌നേഹ കുപ്പായം എപ്പോഴും ധരിച്ചു നടക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരിലുള്ള മോറല്‍ പൊലീസിങ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നും കോടതി പറഞ്ഞിരുന്നു.

2016 നവംബര്‍ 30-നാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവുപ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

Latest Stories

We use cookies to give you the best possible experience. Learn more