ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമായി നഥാന്‍ ലിയോണ്‍. ആഷസ് ട്രോഫിക്കായുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് നഥാന്‍ ലിയോണ്‍ പട്ടികയില്‍ രണ്ടാമതെത്തിയത്.
564 വിക്കറ്റുകളാണ് നിലവില്‍ നഥാന്‍ ലിയോണിന്റെ പേരിലുള്ളത്. കരിയറിലെ 141ാം ടെസ്റ്റിലാണ് ലിയോണ്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളിങ് മയീസ്‌ട്രോയെ മറികടന്നത്. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ആണ് ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ താരം.
ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പ്രഥമസ്ഥാനീയനാണ് നഥാന്‍ ലിയോണ്‍. 30.16 എന്ന ശരാശരിയിലും 61.4 എന്ന സ്‌ട്രൈക് റേറ്റിലും പന്തെറിയുന്ന ഈ വലംകയ്യന്‍ ഓഫ്‌ബ്രേക്കര്‍ അഞ്ച് തവണ പത്ത് വിക്കറ്റ് നേട്ടവും 24 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 26 ഫോര്‍ഫറും ലിയോണിന്റെ പേരിലുണ്ട്.
നഥാന്‍ ലിയോണ്‍. Photo: cricket.com.au
8/50 ആണ് ഒരു ഇന്നിങ്‌സില്‍ താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍. 154 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ മികച്ച പ്രകടനം. (140 മത്സരങ്ങള്‍ക്ക് ശേഷമുള്ള കണക്കുകള്‍ )
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷെയ്ന്‍ വോണ്‍ – 273 – 708
നഥാന്‍ ലിയോണ്‍ – 261* – 564*
ഗ്ലെന്‍ മഗ്രാത് – 243 – 563
മിച്ചല്‍ സ്റ്റാര്‍ക് – 197 – 420
ഡെന്നിസ് ലില്ലി – 132 – 355
മിച്ചല്‍ ജോണ്‍സണ്‍ – 140 – 313
പാറ്റ് കമ്മിന്‍സ് – 133 – 311
അഡ്‌ലെയ്ഡ് ഓവലില്‍ നഥാന്‍ ലിയോണ്‍ തന്റെ റെക്കോഡ് തകര്‍ത്തപ്പോഴുള്ള ഗ്ലെന്‍ മഗ്രാത്തിന്റെ ആനിമേറ്റഡ് റിയാക്ഷനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ലിയോണ്‍ തന്റെ റെക്കോഡ് മറികടന്നതിന് പിന്നാലെ ചിരിച്ചുകൊണ്ട് നിരാശയഭിനയിച്ച മഗ്രാത്, കസേരയെടുത്ത് അടിക്കാനോങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് ലിയോണിന്റെ നേട്ടത്തെ കയ്യടിച്ച് അഭിനന്ദിക്കുന്ന മഗ്രാത്തിന്റെ വീഡിയോ ഓസ്‌ട്രേലിയ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പങ്കുവെക്കുകയും ചെയ്തു.
ഈ മത്സരത്തിന് മുമ്പ് 562 വിക്കറ്റുകളാണ് ലിയോണിന്റെ പേരിലുണ്ടായിരുന്നത്, മഗ്രാത്തിനേക്കാള്‍ രണ്ട് വിക്കറ്റ് കുറവ്. ഒലി പോപ്പിനെ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ച് മഗ്രാത്തിനൊപ്പമെത്തിയ ലിയോണ്‍, ബെന്‍ ഡക്കറ്റിനെ പുറത്താക്കി സൂപ്പര്‍ പേസറെ മറികടക്കുകയും ചെയ്തു.
ഗ്ലെന്‍ മഗ്രാത്
അതേസമയം, ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ലിയോണിനായി.
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക & ഐ.സി.സി – 230 – 800
ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 273 – 708
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 350 – 704
അനില്‍ കുംബ്ലെ – ഇന്ത്യ – 236 – 619
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 309 – 564
നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 261 – 564*
ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 243 – 564
ആര്‍. അശ്വിന്‍ – ഇന്ത്യ – 200 – 537
Content Highlight: Nathan Lyon surpassed Glenn McGrath in most test wickets