| Thursday, 14th August 2025, 9:39 am

ഇംഗ്ലണ്ടിന്റെ ശൈലിയില്‍ ഒരു തെറ്റുമില്ല: പ്രശംസയുമായി നഥാന്‍ ലിയോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയിലെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ നഥാന്‍ ലിയോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ശൈലി മാറ്റിയതിലൂടെ അവര്‍ വിജയമാണ് ലക്ഷ്യമിടുന്നതെന്നാണ് താരം പറഞ്ഞത്. നവംബറില്‍ ആഷസ് പരമ്പര നടക്കാനിരിക്കെയാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ പ്രശംസ. ദി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിലെ തന്റെ കോളത്തിലാണ് ലിയോണ്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ പ്രശംസിച്ചത്.

‘അവര്‍ കളിക്കുന്ന രീതിയില്‍ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. വരാനിരിക്കുന്ന ആഷസ് വളരെ കടുപ്പമേറിയതായിരിക്കും. ഇംഗ്ലണ്ട് അവരുടെ സമീപനത്തില്‍ അല്പം മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് എന്നിവരെ പോലെ ടീമിനെ ഒറ്റക്ക് ജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങള്‍ അവര്‍ക്കുണ്ട്.

അവര്‍ സമീപനത്തിലെ മാറ്റത്തിലൂടെ ബൗളര്‍മാരുടെ പിന്നാലെ പോയി എന്റര്‍ടൈന്‍ ചെയ്യുന്നതിന് പകരം മത്സരങ്ങള്‍ ജയിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഈ കാലയളവില്‍ അവര്‍ മാന്യമായ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,’ ലിയോണ്‍ പറഞ്ഞു.

2022ല്‍ ഇംഗ്ലണ്ട് ടീമിന്റെ അമരത്തേക്ക് ബ്രെണ്ടന്‍ മെക്കല്ലവും നായകനായി ബെന്‍ സ്റ്റോക്‌സും എത്തിയതോടെ ബാറ്റിങ്ങില്‍ വലിയ മാറ്റമാണ് ക്രിക്കറ്റ് ലോകം കണ്ടത്. പ്രതിരോധം മുഖമുദ്രയായ ടെസ്റ്റ് ക്രിക്കറ്റില്‍ പതിവ് ശൈലിയില്‍ നിന്ന് മാറി ഇരുവര്‍ക്കും കീഴില്‍ ഇംഗ്ലണ്ട് അഗ്രസീവ് ബാറ്റിങ് നടത്താന്‍ തുടങ്ങി.

ടെസ്റ്റ് ക്രിക്കറ്റിലെ അഗ്രസീവ് മനോഭാവമായ ‘ബാസ്‌ബോള്‍’ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഈ സമീപനം ടെസ്റ്റ് ക്രിക്കറ്റിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം. കൂടാതെ, കൂടുതല്‍ അഗ്രസീവാകുന്നത് ബൗളര്‍മാരുടെ പ്രാധാന്യം കുറച്ചേക്കാമെന്നും ബാറ്റിങ് തകര്‍ച്ചയ്ക്ക് വഴി വെച്ചേക്കുമെന്നും വിമര്‍ശനമുണ്ടായിരുന്നു.

അതേസമയം, അടുത്തിടെ സമാപിച്ച ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി 2 -2 സമനിലയിലാണ് അവസാനിച്ചത്. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരം ജയിച്ച് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും ഇന്ത്യയുടെ കടുത്ത പോരാട്ടത്തില്‍ സമനിലയിലാവുകയായിരുന്നു.

Content Highlight: Nathan Lyon says that there is nothing wrong with Bazball

Latest Stories

We use cookies to give you the best possible experience. Learn more