| Wednesday, 25th June 2025, 4:47 pm

കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഓറ ഗില്ലിനില്ല; പ്രസ്താവനയുമായി മുൻ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലെത്തി.

സ്‌കോര്‍

ഇന്ത്യ: 471 & 364

ഇംഗ്ലണ്ട്: 465 & 373/5 (T: 371)

ഇപ്പോൾ തോൽവിയ്ക്ക് പിന്നാലെ ഇന്ത്യയുടെ പുതിയ നായകനായ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. തനിക്ക് ഗിൽ നയിക്കുന്നത് കണ്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അവന് ഉറപ്പില്ലാത്തത് പോലെ തോന്നിയെന്നും കോഹ്‌ലിക്കും രോഹിത്തിനും ഉള്ള ഒരു ഓറ അവന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യൻ ടീമിൽ ആരാണ് ചുമതല വഹിക്കുന്നതെന്ന് എല്ലായ്പ്പോഴും വ്യക്തമല്ലായിരുന്നുവെന്നും ഗിൽ മുൻകൈയെടുത്ത് നയിക്കുന്നതിനുപകരം സാഹചര്യങ്ങളോട് മാത്രമാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു നാസർ ഹുസൈൻ.

‘എനിക്ക് ഗിൽ നയിക്കുന്നത് കണ്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അവന് ഉറപ്പില്ലാത്തത് പോലെ തോന്നി. തീർച്ചയായും ആദ്യ മത്സരം എപ്പോഴും ബുദ്ധിമുട്ടുള്ളതാണ്. പ്രത്യേകിച്ച് കോഹ്‍ലിയെയും രോഹിത്തിനെയും പോലുള്ള ആളുകൾ വഹിച്ചിരുന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ.

ഫീൽഡിൽ ഇരുവർക്കുമുണ്ടായിരുന്ന ഒരു ഓറ അവന് ഇല്ലായിരുന്നു. അവർക്കുള്ള കാലത്ത് ആരാണ് ടീമിനെ നയിക്കുന്നത് എന്ന പെട്ടെന്ന് വ്യക്തമാവും.എന്നാൽ, ഈ ഇന്ത്യൻ ടീമിൽ ആരാണ് ചുമതല വഹിക്കുന്നതെന്ന് എല്ലായ്‌പ്പോഴും വ്യക്തമല്ലായിരുന്നു.

കളിക്കളത്തിൽ നിരവധി അധികാര ശബ്ദങ്ങളുണ്ടായിരുന്നു. നായകസ്ഥാനം ഏറ്റെടുക്കുന്ന ആദ്യ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാം. റിഷബ് പന്തും കെ.എൽ. രാഹുലും പിന്തുണ വാഗ്ദാനം ചെയ്തു. ഗിൽ മുൻകൈയെടുത്ത് നയിക്കുന്നതിനുപകരം സാഹചര്യങ്ങളോട് മാത്രമാണ് പ്രതികരിച്ചത്,’ ഹുസൈൻ പറഞ്ഞു.

Content Highlight: Nasser Hussain says that Shubhman Gill lacks the aura of Rohit Sharma and Virat Kohli

We use cookies to give you the best possible experience. Learn more