| Friday, 11th September 2026, 4:10 pm

ഇത് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അനാദരവും അവഗണനയുമാണ്; പാക് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാസര്‍ ഹൊസൈന്‍

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ തോല്‍വിയുടെ വക്കിലാണ് പാകിസ്ഥാന്‍. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 133 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 453 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

മത്സരത്തില്‍ ഇമാം ഉള്‍ ഹഖിന് പകരമായി ടീമിലെത്തിയ ഓപ്പണര്‍ സൈയിം അയൂബ് രണ്ട് ഇന്നിങ്‌സിലും പൂജ്യം റണ്‍സിനാണ് മടങ്ങിയത്. ഇപ്പോള്‍ താരത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹൊസൈന്‍. അയൂബിനെ ടീമില്‍ എടുക്കാന്‍ പാടില്ലായിരുന്നു എന്നും കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിച്ചുകൊണ്ടിരുന്ന അയൂബ് കുറേ കാലമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം ഇവിടെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സി.പി.എല്‍) കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചുകാലമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കളിച്ചിട്ടില്ല. മറ്റൊരു ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ടിരുന്ന ഒരു താരത്തെ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് വിമാനത്തില്‍ എത്തിച്ച്, ഒല്ലി റോബിന്‍സണെതിരെ ഡ്യൂക്‌സ് പന്ത് നേരിടാന്‍ അദ്ദേഹം തയ്യാറായിരിക്കുമെന്ന് കരുതുന്നത് എങ്ങനെ ശരിയാകുമെന്ന് എനിക്ക് മനസിലാകുന്നില്ല.

ഇത് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ഒരുതരം അനാദരവും അവഗണനയുമാണ്. ഏതൊരു ക്രിക്കറ്റ് താരവും നിങ്ങളോട് പറയും, ഏറ്റവും ബുദ്ധിമുട്ടേറിയ ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റാണ്. ഇംഗ്ലണ്ടില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുക എന്നത് ഏറ്റവും കടുപ്പമേറിയ ദൗത്യമാണ്. എന്നിട്ടും ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് ഒരാളെ വിമാനത്തില്‍ എത്തിച്ചാല്‍ മതിയാകുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എന്താണ് പറയേണ്ടത്,’ സ്‌കൈ സ്‌പോര്‍ട്‌സില്‍ നാസര്‍ ഹുസൈന്‍ പറഞ്ഞു.

പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ എട്ട് മത്സരങ്ങളിലെ 14 ഇന്നിങ്‌സില്‍ നിന്ന് 364 റണ്‍സാണ് അയൂബിന്റെ സമ്പാദ്യം. 77 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് താരത്തിനുള്ളത്. 26.00 എന്ന ആവറേജിലാണ് താരം ബാറ്റ് വീശിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരത്തിനുള്ളത്.

Content Highlight: Nasser Hussain Criticize Pakistan Batter Saim Ayub

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more