2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ അഭിനയജീവിതതത്തിന് അരങ്ങേറ്റം കുറിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകനായി സ്ഥാനം കണ്ടെത്തുകയും ചെയ്ത അഭിനേതാവാണ് നസ്‌ലെന്‍. ആലപ്പുഴ ജിംഖാനയിലൂടെ ആക്ഷന്‍ വേഷവും പ്രേമലുവിലൂടെ റോം-കോമും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ മറ്റൊരു ഗെറ്റപ്പില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ്.
മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. Photo: IMDB
മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഭിനവിന്റെ രണ്ടാമത്തെ ചിത്രമെന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഡാര്‍ക്ക് കോമഡി ത്രില്ലറായിരുന്നു മുകുന്ദനുണ്ണി. വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. മുകുന്ദനുണ്ണി അടങ്ങുന്ന സക്‌സസ് ട്രിലോജിയില്‍ രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസ് എന്ന് സംവിധായകന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ മുകുന്ദനുണ്ണി പോലെ ഒരു ഡാര്‍ക്ക് മൂഡില്‍ ഒരുക്കിയ ചിത്രമല്ല മോളിവുഡ് ടൈംസ് എന്ന് നസ്‌ലെന്‍ പറഞ്ഞതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
‘ഇതൊരിക്കലും മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഒരു ഡാര്‍ക്ക് സിറ്റുവേഷനില്‍ നില്‍ക്കുന്ന ചിത്രമല്ല. ഇത് കോംപ്ലിക്കേറ്റഡല്ലാത്ത വളരെ സിംപിളായ എല്ലാവര്‍ക്കും മനസിലാകുന്ന ഒരു സിനിമയാണ്. വളരെയധികം ഹാര്‍ഡ് വര്‍ക്കറായ, അറിയപ്പെടുന്ന ഒരു ഫിലിം മേക്കറാവാന്‍ നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതില്‍ പറയുന്നത്. അയാളുടെ എട്ട് വയസ് മുതല്‍ 26-27 വയസ് വരെ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. ഇതിനിടയില്‍ സിനിമയെടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് കഥാപശ്ചാത്തലം,’നസ്‌ലെന്‍ പറഞ്ഞു.
മോളിവുഡ് ടൈംസ്. Photo: IMDB
ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നസ്‌ലെന് പുറമെ ജഗദീഷ്, ചന്തു സലീം, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, അലക്‌സാണ്ടര്‍ പ്രദീപ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Naslen talks about the setting of Mukundanunni associates and Mollywood Times movie