| Monday, 18th August 2025, 11:24 am

ആസിഫിക്കയേക്കാള്‍ കൂടുതല്‍ പൈസ ചോദിച്ചെന്ന വാര്‍ത്ത ഞാനും കേട്ടു: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് നസ്‌ലെന്‍. കഴിഞ്ഞ കുറച്ച് നാളുകളായി നടനുമായി ബന്ധപ്പെട്ട് നിരവധി റൂമറുകള്‍ ഉയര്‍ന്നു വന്നിരുന്നു. മോളിവുഡ് ടൈംസില്‍ നിന്ന് നസ്‌ലെന്‍ ഒഴിവായിയെന്നും പടം ഡ്രോപ്പാക്കിയെന്നും റൂമറുകള്‍ ഉണ്ടായിരുന്നു.

പ്രേമലു 2വില്‍ നിന്ന് നസ്‌ലെന്‍ പിന്മാറിയെന്നും തിരക്കഥ തിരുത്താന്‍ ആവശ്യപ്പെട്ടുവെന്നുമുള്ള സംസാരം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് ഇതൊക്കെ വെറും റൂമറുകള്‍ മാത്രമായിരുന്നുവെന്ന് തെളിഞ്ഞു.

ഇതിനിടയില്‍ ടിക്കി ടാക്ക സിനിമയില്‍ ആസിഫ് അലിയെക്കാള്‍ പ്രതിഫലം ചോദിച്ചതിന് നസ്‌ലെനെ പുറത്താക്കി എന്ന റൂമറും ശക്തമായിരുന്നു. പിന്നാലെ ഗെറ്റ്‌ലോസ്റ്റ് ഹേറ്റ് ക്യാമ്പയിനെന്ന ടാഗിട്ട് പടത്തിന്റെ കഥാകൃത്ത് നസ്‌ലെന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ആ റൂമറും കെട്ടടങ്ങി.

ഇപ്പോള്‍ തനിക്ക് എതിരെ വന്ന റൂമറുകളെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. ലോകഃ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘പല റൂമറുകളും ഈയിടെ വന്നിരുന്നു. ടിക്കി ടാക്ക സിനിമയില്‍ നിന്നും എന്നെ പുറത്താക്കി എന്നുള്ള റൂമറുകള്‍ വന്നത് കണ്ടിരുന്നു. ഞാന്‍ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ രണ്ട് ദിവസമുള്ളപ്പോഴാണ് ആ റൂമര്‍ ഞാന്‍ കാണുന്നത്.

അപ്പോള്‍ ‘എന്നെ പുറത്താക്കിയോ’ എന്നാണ് ഞാന്‍ ചിന്തിച്ചത്. ആസിക്കയേക്കാള്‍ കൂടുതല്‍ പൈസ ചോദിച്ചുവെന്ന് വരെ റൂമറുകള്‍ വന്നിരുന്നു. കുറേ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് വന്നത്. തോന്നുന്നത് എഴുതി വിടുന്നതായിരിക്കാം. അതില്‍ എനിക്ക് ഒന്നും പറയാനില്ല,’ നസ്‌ലെന്‍ പറയുന്നു.

തനിക്ക് എതിരെ വരുന്ന മോശം കമന്റുകളെ കുറിച്ചും നടന്‍ സംസാരിച്ചു. മോശം കമന്റുകള്‍ വരുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാനില്ലെന്നാണ് നസ്‌ലെന്‍ പറയുന്നത്. ‘ഈ വ്യക്തി ഇങ്ങനെയാണ്’ എന്നും പറഞ്ഞ് ആളുകള്‍ അവരുടെ ഇമാജിനേഷനില്‍ ഓരോന്നും പടച്ചുവിടുകയാണ് ചെയ്യുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘നമുക്ക് അതില്‍ ഒന്നും ചെയ്യാനോ പറയാനോയില്ല എന്നതാണ് സത്യം. നമുക്ക് നമ്മളുടെ വര്‍ക്കില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്താല്‍ മതിയല്ലോ. ടിക്കി ടാക്കയുമായി ബന്ധപ്പെട്ട് വന്ന റൂമര്‍, ഞാന്‍ ആ സിനിമയില്‍ ജോയിന്‍ ചെയ്തതോടെ നിന്നു. അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും. നമ്മള്‍ നമ്മുടെ വര്‍ക്കുമായി മുന്നോട്ട് പോയാല്‍ മാത്രം മതി,’ നസ്‌ലെന്‍ പറയുന്നു.


Content Highlight: Naslen Talks About Rumors Related To Asif Ali’s Tikitaka Movie

We use cookies to give you the best possible experience. Learn more