സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമ ഹൈപ്പിന്റെ കൊടുമുടിയിലാണ്. ചെന്നൈ സായ് റാം എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സൂര്യ, നസ്‌ലെന്‍, നസ്രിയ, ജിത്തു മാധവൻ, കാർത്തി, ജ്യോതിക തുടങ്ങിയവരും അണിയറപ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒക്ടോബർ 25-ന് ദുബായിലെ സിലിക്കൺ സെൻട്രൽ മാളിൽ വെച്ച് സിനിമയുടെ പ്രൊമോഷൻ പരിപാടി നടന്നിരുന്നു. അതിൽ നസ്‌ലെന്റെ സ്പീച്ച് ഏറെ ചിരിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. താരത്തിന്റെ തമിഴും മലയാളവും ഇംഗ്ലീഷും കലർന്ന നിഷ്കളങ്കവും പരിഭ്രമവും നിറഞ്ഞ സംസാരമാണ് ആരാധകർ അന്ന് ഏറ്റെടുത്തത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് നടന്ന ട്രെയ്‌ലര്‍ റിലീസിന്റെ ചടങ്ങിലും താരത്തിന്റെ സംസാരം വീണ്ടും സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ‘പൊങ്കൽ പുടിക്കും, ടിഫിൻ ബോക്സിൽ പൊങ്കൽ വരും’ എന്ന് താരം പറഞ്ഞത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു.
സീൻ.Photo. Screen Grab/ Youtube.com
‘ഇതാണ് എന്റെ ആദ്യത്തെ തമിഴ് മൂവി, ഇതുവരെയും ഒരു തമിഴ് മൂവിയും ഞാൻ ചെയ്തിട്ടില്ല. നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഒരുപാട് ഇമോഷണലാണ് ഞാനിപ്പോൾ. നവംബർ 6 നാണ് സിനിമ റിലീസാവുന്നത്. റിലീസായി കഴിഞ്ഞാലും എന്നോട് കാണിക്കുന്ന ഇതേ സ്നേഹം അതുപോലെ തന്നെ ഉണ്ടാവണം. നിങ്ങൾ ഈ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അത്ഭുതമായിട്ടാണ് എനിക്ക് തോന്നുന്നത്,’ നസ്‌ലെന്‍ പറഞ്ഞു.
തന്റെ തമിഴ് അത്ര നല്ലതല്ലെന്നും നസ്‌ലെന്‍ തമാശരൂപേണ പറയുകയുണ്ടായി. ദുബായിൽ വെച്ചുള്ള പരിപാടിയിൽ താൻ പേടിച്ചിട്ട് എന്തൊക്കെയോ പറഞ്ഞുവെന്നും സിനിമയിലും തന്റെ ക്യാരക്ടർ അത്ര മോശമല്ലെന്നും താരം തമാശ രീതിയിൽ കൂട്ടിച്ചേർത്തു. സൂര്യയുടെ കൂടെ അഭിനയിക്കുമ്പോൾ തനിക്ക് ഭയം തോന്നിയെന്നും എങ്കിലും തനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെന്നും ഒരുമിച്ച് അഭിനയിച്ചപ്പോൾ വളരെ സന്തോഷം തോന്നിയെന്നും നസ്‌ലെന്‍ വ്യക്തമാക്കി.
‘അദ്ദേഹം ഭയങ്കര പാഷനേറ്റാണ്, ഹാർഡ്‌വർക്കിങ്ങുമാണ്. വൈകീട്ട് ആറു തൊട്ട് പിറ്റേന്ന് മോർണിംഗ് ആറു വരെയൊക്കെ ഷൂട്ടുള്ള ദിവസങ്ങളുണ്ടായിരുന്നു .ആ സമയത്ത് അദ്ദേഹം ഷൂട്ട് കഴിഞ്ഞ് ഒൻപത് മണിക്ക് ഡബ്ബിങ്ങിന് ഒരു ക്ഷീണമോ ഒന്നുമില്ലാതെ പോവുമായിരുന്നു. അത് എന്നെ പോലെയുള്ള ബിഗിനേഴ്സിന് ഇൻസ്പിറേഷനാണ്’, നസ്‌ലെന്‍ പറഞ്ഞു.
ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയിൽ ഈശ്വരൻ എന്ന വില്ലൻ കഥാപാത്രത്തെ നസ്‌ലെന്‍ അവതരിപ്പിക്കുമ്പോൾ സൂര്യ ഡി.എസ്.പി ഇമ്പരാജ് എന്ന പൊലീസ് വേഷത്തിലും നസ്രിയ മായ എന്ന കഥാപാത്രവുമായാണ് വേഷമിടുന്നത്. ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ജിത്തുവിനെ പോലെ തന്നെ സുഷിൻ ശ്യാമിന്റെയും തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. 12 വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ തമിഴിൽ ചെയ്യുന്ന സിനിമ കൂടിയാണ് സീൻ.
Content Highlight: Naslen talks about his upcoming movie and asks the Tamil audience to keep this love after the film is released.