മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൂണ്‍ അഞ്ചിന് പുറത്തിറങ്ങാനിരിക്കുന്ന മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ ചര്‍ച്ചയായ അഭിനവ് സുന്ദര്‍ നായക് നസ്‌ലെനെ നായകനാക്കി രണ്ടാമതൊരു ചിത്രവുമായി എത്തുമ്പോള്‍ മികച്ച പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്കുള്ളത്.
നസ്‌ലെനെ മനസില്‍ കണ്ടാണ് താന്‍ തിരക്കഥയെഴുതിയതെന്നും താരം തന്നോട് സമ്മതം മൂളിയിട്ടില്ലായിരുന്നെങ്കില്‍ മോളിവുഡ് ടൈംസ് ചെയ്യിലായിരുന്നുവെന്നും അഭിനവ് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രേമലുവിന്റെ വിജയ ശേഷം താരം പ്രൊജക്ടില്‍ നിന്നും പിന്മാറുമോ എന്ന് ഭയമുണ്ടായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ ഒരു തിരക്കഥ തെരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് നസ്‌ലെനും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
നസ്ലെനും അഭിനവ് സുന്ദര്‍ നായകും. Photo: Ott Play
ഷൂട്ട് തുടങ്ങുന്നതിന് തൊട്ട് മുമ്പ് വരെ നസ്‌ലെന്‍ നോ പറയുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു എന്ന് പറയുകയാണ് അഭിനവ് സുന്ദര്‍ നായക്. പ്രേമലു റിലീസാകുന്നതിന് മുന്‍മ്പായിരുന്നു നസ്‌ലെന്‍ തിരക്കഥ എഴുതിക്കോളാന്‍ പറഞ്ഞതെന്നും എന്നാല്‍ പ്രേമലു റിലീസായതിന് ശേഷം താരം ചിത്രം ആക്‌സെപ്റ്റ് ചെയ്യുമോ എന്ന് പേടി തോന്നിയതായും അഭിനവ് പറഞ്ഞു. ആദ്യ പകുതി നസ്‌ലെനോട് പറഞ്ഞ ശേഷം അവന്‍ ഓക്കെയാണെങ്കില്‍ ചിത്രം അനൗണ്‍സ് ചെയ്യാം എന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലോകഃ ടീമിനും ഇതേ പേടി ഉണ്ടായിരുന്നുവെന്നും പ്രേമലു വിജയമായതിന് ശേഷം താനീ വേഷം ചെയ്യുമോ എന്ന് അവര്‍ സംശയിച്ചിരുന്നതായും നസ്‌ലെന്‍ പറഞ്ഞു. എന്നാല്‍ ഒരു തിരക്കഥ വായിക്കുമ്പോള്‍ ആദ്യ വായനയില്‍ തന്നെ നമുക്കുണ്ടാകുന്ന സംശയങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്നുണ്ടോ എന്നാണ് താന്‍ നോക്കാറുള്ളതെന്ന് നസ്‌ലെന്‍ പറഞ്ഞു. ഇതിന് തനിക്ക് പ്രത്യേകിച്ചൊരു പ്രൊസസ് ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
മോളിവുഡ് ടൈംസ്.. Photo: Reddit
ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ചന്തു സലീം, ജഗദീഷ്, ഷറഫുദ്ദീന്‍, അലക്‌സാണ്ടര്‍ പ്രദീപ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാള സിനിമയിലെ തന്നെ അറിയപ്പെടുന്ന സംവിധായകനാകാനുള്ള ആഗ്രഹവുമായി ജീവിക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നസ്‌ലെന്‍ അവതരിപ്പിക്കുന്നത്.
Content Highlight: Naslen talks about his script selection and Abhinav sunder nayak talks about his new movie