ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് നസ്‌ലെന്‍ ഗഫൂര്‍. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം പ്രേമലു, ലോകഃ തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിന് പുറത്തും വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. സ്‌കൂള്‍ പയ്യന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് മുമ്പിലേക്കെത്തിയ താരം നായകനെന്ന നിലയില്‍ മലയാള സിനിമയില്‍ സ്വന്തമായി സ്ഥാനം കണ്ടെത്തുന്ന കാഴ്ച്ചയ്ക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്.
പ്രേമലു. Photo: IMDB
ഉണ്ട എന്ന ഹിറ്റ് ചിത്രത്തിന് മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യാനിരിക്കുന്ന മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തില്‍ നസ് ലെനും പ്രധാനവേഷത്തിലെത്തുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ഇതോടെ താരത്തിന് കൈവന്നത്. എന്നാല്‍ ഈ പ്രൊജക്ടിന് മുമ്പ് തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരമുണ്ടായതിനെക്കുറിച്ചും അത് നഷ്ടപ്പെട്ടതിനെ കുറിച്ചും നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഇതിന് മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മകള്‍ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പക്ഷേ പിന്നീടത് ഡേറ്റിന്റെ പ്രശ്‌നവും മറ്റ് പരിപാടികളും കാരണം മാറിപ്പോയി. എനിക്ക് തോന്നുന്നത് ഇതായിരിക്കും ചിലപ്പോള്‍ അതിന്റ കറക്ട് ടൈം,’ നസ്‌ലെന്‍ പറഞ്ഞു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഫാമിലി ഡ്രാമയായിരുന്നു മകള്‍. ജയറാം നായകനായെത്തിയ ചിത്രത്തില്‍ മീര ജാസ്മിന്‍, ദേവിക സഞ്ജയ്, ഇന്നസെന്റ്, സിദ്ദിഖ് അല്‍ത്താഫ് സലീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. താരതമ്യേന മികച്ച വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ രോഹിത് എന്ന കഥാപാത്രമായെത്തിയ നസ്‌ലെന്റെ രംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
മകള്‍. Photo: IMDB
ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന മോളിവുഡ് ടൈംസാണ് നസ്‌ലെന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മുകുന്ദനുണ്ണി അസോസിയേറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Naslen talks about his missed chance to act with Mammootty Before Mattanchery Mafia