| Friday, 29th May 2026, 7:10 pm

നാളെ ഞാനീ മാല സന്ദീപിനോ അല്ലെങ്കില്‍ ഹാഷിറിനോ ഇട്ട് കൊടുക്കും, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശനവുമില്ല: നസ്‌ലെന്‍

അശ്വിന്‍ രാജേന്ദ്രന്‍

2019ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നസ്‌ലെന്‍. തുടര്‍ന്ന് മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒട്ടനവധി ചിത്രങ്ങളിലൂടെ തന്റെതായ സ്ഥാനം കെട്ടിപ്പടുത്ത നസലെന്‍ ഇന്ന് മോളിവുഡില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന യുവനടന്മാരിലൊരാളാണ്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലുവിലൂടെയും 2025ല്‍ പുറത്തിറങ്ങിയ ലോകഃയിലൂടെയും താരം കേരളത്തിന് പുറത്തേക്കും തന്റെ സ്റ്റാര്‍ഡം പടര്‍ത്തിയിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നസ്‌ലെനും കടുത്ത മത്സരം മോളിവുഡില്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. പടക്കളം, എക്കോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുമായി സന്ദീപ് പ്രദീപും, വാഴ 2 എന്ന അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച് ഹാഷിറും മലയാളത്തിലെ ഭാവി സൂപ്പര്‍ താരപദവിയിലേക്കുള്ള മത്സരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു മത്സരത്തെക്കുറിച്ച് നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

നസ്‌ലെന്‍. Photo: The Hindu

തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സന്ദീപ് പ്രദീപിനെയും ഹാഷിറിനെയും പോലെ പുതുതായി മലയാള സിനിമയില്‍ അഭിനേതാക്കള്‍ വരുമ്പോള്‍ ടൊവിനോ തോമസിനോടോ ആസിഫ് അലിയോടോ താരതമ്യപ്പെടുത്തുന്നതിന് പകരം നസ്‌ലെന് വെല്ലുവിളിയായിട്ടാണല്ലോ പലരും കാണുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘നസ്‌ലെനെ മോനെ നീയൊക്കെ തീര്‍ന്നെടാ, പോയി കുഴിയില്‍ കിടന്നോ എന്നാണ് പുതിയ താരങ്ങള്‍ വരുമ്പോള്‍ സോഷ്യല്‍ മീഡിയില്‍ പലരും എന്നോട് പറയാറുള്ളത്. ഞാന്‍ എന്ത് ചെയ്തിട്ടാണെടാ എന്നാണ് എനിക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ തോന്നാറുള്ളത്. ഇതൊരു സൈക്കിള്‍ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാളെ ഞാനീ മാല ഹാഷിറിനോ അല്ലെങ്കില്‍ സന്ദീപിനോ ഇട്ട് കൊടുക്കും.

ചിലപ്പോള്‍ ഞാനും ഹാഷിറും, സന്ദീപുമെല്ലാം ഒന്നിച്ചുള്ള ഒരു ചിത്രവും സംഭവിക്കാം. കാരണം ഞങ്ങളെല്ലാവരും വളരെയധികം കണക്ടഡായിട്ടുള്ള ആള്‍ക്കാരാണ്. ഹാഷിറിനെയെല്ലാം സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ അവരുടെ റീല്‍സെല്ലാം കണ്ട് ഫോളോ ചെയ്യാറുണ്ടായിരുന്നു. വാഴ കണ്ടതിന് ശേഷം അവര്‍ക്കെല്ലാവര്‍ക്കും മെസേജ് അയക്കുകയും ചെയ്തിരുന്നു. പക്ഷേ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന കാര്യം ഇവര്‍ അറിയുന്നില്ലല്ലോ. ചില ആള്‍ക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇറക്കി വിടുന്നതാണ്. ഇത് എന്റെ പ്രായത്തിലൂടെ കടന്നുപോയ മലയാളത്തിലെ മറ്റ് നടന്മാരും കേട്ടിട്ടുള്ള കാര്യമായിരിക്കും,’ നസ് ലെന്‍ പറഞ്ഞു.

സന്ദീപ് പ്രദീപ്‌. Photo: The Hindu

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസില്‍ വിനീത് മാധവന്‍ എന്ന കഥാപാത്രമായാണ് നസ്‌ലെന്‍ വേഷമിടുന്നത്. താരത്തിന് പുറമെ ഷറഫുദ്ദീന്‍, സംഗീത് പ്രതാപ്, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Naslen talks about competition in cinema from Hashir and Sandeep Pradeep

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more