| Wednesday, 18th November 2026, 12:34 pm

'മോനെ, തോക്ക് പിടിക്കുന്നത് കണ്ടാലറിയാം.., അമലേട്ടന്‍ പറഞ്ഞു; ബാച്ചിലര്‍ പാര്‍ട്ടി 2 വിനെ കുറിച്ച് നസ്‌ലെന്‍

അശ്വിന്‍ രാജേന്ദ്രന്‍

ബാച്ചിലര്‍ പാര്‍ട്ടി 2 പോലെ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ നസ്‌ലെന്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന, ഇത്രയേറെ താരങ്ങളുള്ള ഒരു വലിയ പ്രൊജക്ടില്‍ ഭാഗമാകാന്‍ കഴിയുന്നത് വലിയ കാര്യമാണെന്നും ചിത്രത്തില്‍ തനിക്കും കൃത്യമായ ഇടമുള്ള കഥാപാത്രം ലഭിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒപ്പം ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി നടത്തിയ ചില തയ്യാറെടുപ്പുകളെ കുറിച്ചും എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ നസ്‌ലെന്‍ സംസാരിക്കുന്നുണ്ട്.

‘ഇത്രയും വലിയൊരു പ്രൊജക്ടില്‍, ഇത്രയും കൂടുതല്‍ താരങ്ങളുള്ള ഒരു സിനിമയില്‍ എനിക്ക് ഭാഗമാകാന്‍ പറ്റുന്നു എന്നുള്ളതാണ് ഞാന്‍ കാണുന്ന ഭാഗ്യം. ഒത്തിരി ആളുകളുണ്ടല്ലോ. ഇതിലെല്ലാം പാര്‍ട്ടാകാന്‍ പറ്റുന്നു, അല്ലെങ്കില്‍ എനിക്കും കൂടി സ്പേസുള്ള ക്യാരക്ടര്‍ കിട്ടുന്നു എന്നുള്ളതാണ് ഭാഗ്യം,’ നസ്‌ലെന്‍ പറഞ്ഞു.

photo: FTQ with Rekha Menon/screen grab

ചിത്രത്തിലെ തന്റെ ലുക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം അമല്‍ നീരദിന്റെ വിഷനായിരുന്നെന്നും നസ്ലെന്‍ പറയുന്നു. ഓരോ താരങ്ങളുടേയും ലുക്കിന്റെ കാര്യത്തില്‍ പോലും അമല്‍ നീരദ് ഏറെ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു. ഡബ്ബിങ്ങിന് എത്തിയപ്പോള്‍ സിനിമയിലെ തന്റെ രൂപം കണ്ട് താന്‍ തന്നെ അത്ഭുതപ്പെട്ടതെന്നും നസ്ലെന്‍ പറഞ്ഞു.

‘ലുക്ക് അടക്കം കംപ്ലീറ്റ്ലി അമലേട്ടന്റെ വിഷനാണ്. എല്ലാവരുടേതും അങ്ങനെയാണ്. ആ കാര്യത്തില്‍ ഭയങ്കര പര്‍ട്ടിക്കുലറാണ് അമലേട്ടന്‍. ഞാന്‍ ഡബ്ബിങ്ങിന് പോയപ്പോള്‍ എന്നെ കണ്ടിട്ട്, ‘ഇതാരാണ് ഇത്’ എന്ന രീതിയിലായിപ്പോയി. ഞാന്‍ ആദ്യമായിട്ടാണ് എന്റെ ഈ ഷേപ്പ് കാണുന്നത്. അത് ഭയങ്കര രസമായിരുന്നു,’ താരം പറഞ്ഞു.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും തോക്ക് ഉപയോഗിച്ചതുമെല്ലാം പുതിയ ഒരു എക്സ്പീരിയന്‍സായിരുന്നെന്നും നസ്ലെന്‍ പറഞ്ഞു.
‘ഇതില്‍ ഞാന്‍ തോക്കൊക്കെ ഉപയോഗിച്ചു. എന്റെ എല്ലാ കൊതിയും ഞാന്‍ തീര്‍ത്തു എന്ന് പറയാം. തോക്ക് മുന്‍പ് പിടിച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെ തോക്ക് യൂസ് ചെയ്യുന്നത് ആദ്യമായിട്ടാണ്.

ചിത്രത്തിലെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചത് സുബിന്‍ മാസ്റ്ററാണ്. തോക്ക് കൈകാര്യം ചെയ്യേണ്ട രീതികള്‍ അമലേട്ടന്‍ തന്നെ കാണിച്ചുതന്നിരുന്നു. ‘ഞങ്ങള്‍ പിടിക്കുന്നത് കണ്ടാല്‍ തന്നെ ഇത് പിടിക്കാന്‍ അറിയാത്തവരാണെന്ന് മനസിലാകും. അപ്പോള്‍ അമലേട്ടന്‍ പറയും, ‘മോനെ, കണ്ടാല്‍ തന്നെ അറിയാം’ എന്ന്. പിന്നെ ഈ സിനിമയില്‍ ഭീകര ആക്ഷനൊന്നുമില്ല. അത് പടം കണ്ടാല്‍ മനസിലാകും,’ നസ്ലെന്‍ പറഞ്ഞു.

‘ബാച്ചിലര്‍ പാര്‍ട്ടി D’EUX’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2012ല്‍ പുറത്തിറങ്ങി പിന്നീട് കള്‍ട്ടായി മാറിയ ‘ബാച്ചിലര്‍ പാര്‍ട്ടി’യുടെ തുടര്‍ച്ചയല്ല.
പഴയ ചിത്രത്തിന്റെ സ്റ്റൈലും ആക്ഷന്‍ പശ്ചാത്തലവും നിലനിര്‍ത്തിക്കൊണ്ട് പുതിയ തലമുറയിലെ താരങ്ങളെയും മുന്‍നിര അഭിനേതാക്കളെയും ഒരുമിപ്പിച്ചാണ് അമല്‍ നീരദ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബാച്ചിലര്‍ പാര്‍ട്ടി D’EUX. Photo: X.com

നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി താരങ്ങള്‍ ഭാഗമായ ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും.

2012ല്‍ പുറത്തിറങ്ങിയ ‘ബാച്ചിലര്‍ പാര്‍ട്ടി’യില്‍ ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്‌മാന്‍, കലാഭവന്‍ മണി, വിനായകന്‍, നിത്യ മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. സൗഹൃദത്തിന്റേയും അധോലോക സംഘര്‍ഷത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറഞ്ഞ ചിത്രം അവതരണശൈലികൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Naslen talks about being a part of Bachelor Party De Ux movie and his experience with director Amal Neerad

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more