| Tuesday, 2nd June 2026, 11:43 am

'ലോക ചാപ്റ്റർ 2'വിൽ ഉണ്ടാകുമോ എന്നറിയില്ല, എനിക്കും ആഗ്രഹമുണ്ട്: നസ്‌ലെൻ

നന്ദന എം.സി

മലയാള സിനിമയെ ആഗോള തലത്തിൽ ഉയർത്തിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു ‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു.

കല്യാണി പ്രിയദർശന്റെ ശ്രദ്ധേയ പ്രകടനത്തിനൊപ്പം നസ്‌ലെൻ, ടോവിനോ തോമസ്, ചന്ദു സലിംകുമാർ എന്നിവരുടെ അഭിനയവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറി.

ആദ്യഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ‘ലോക ചാപ്റ്റർ 2’ എപ്പോൾ എത്തും, ആരൊക്കെയാകും ചിത്രത്തിന്റെ ഭാഗമാകുക തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ഇപ്പോഴും സജീവമാണ്.

ലോക ചാപ്റ്റർ വൺ: ചന്ദ്ര, Photo: IMDb

ഇതിനിടെ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യുവതാരം നസ്‌ലെൻ. തന്റെ പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസ്’ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഗൂഗിളിൽ തന്റെ പേരിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന സെഗ്മെന്റിലായിരുന്നു നസ്‌ലെന്റെ പ്രതികരണം. നിരവധി രസകരമായ ചോദ്യങ്ങൾക്കിടയിൽ ‘ലോക ചാപ്റ്റർ 2’വിൽ നസ്‌ലെൻ ഉണ്ടാകുമോ എന്ന ചോദ്യവും ഉയർന്നു. അതിന് താരം നൽകിയ മറുപടി ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

‘ലോക ചാപ്റ്റർ 2വിൽ ഉണ്ടാകുമോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല. എനിക്കും അതിൽ ഭാഗമാകണമെന്ന ആഗ്രഹമുണ്ട്. ഉണ്ടാകാം, ഉണ്ടാകാതെയിരിക്കാം. ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല.

സിനിമ ഇപ്പോൾ റൈറ്റിങ് സ്റ്റേജിലാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ല,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്.

താരത്തിന്റെ മറുപടി ആരാധകരിൽ പ്രതീക്ഷയും കൗതുകവും ഒരുപോലെ വർധിപ്പിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നസ്‌ലെൻ രണ്ടാം ഭാഗത്തിലും എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ലോക ചാപ്റ്റർ വൺ: ചന്ദ്ര, Photo: IMDb

അതേസമയം, നസ്‌ലെന്റെ ഏറ്റവും പുതിയ റിലീസായി എത്തുന്നത് അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ‘മോളിവുഡ് ടൈംസ്’ ആണ്. പ്രഖ്യാപന ഘട്ടം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് താരം എത്തുന്നത്. സിനിമയോട് അതിയായ അഭിനിവേശമുള്ള വിനീത് മാധവൻ എന്ന യുവാവിനെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാൽ ‘മോളിവുഡ് ടൈംസ്’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ജൂൺ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നസ്‌ലെനൊപ്പം റോഷൻ ഷാനവാസ്, പ്രശാന്ത് അലക്സാണ്ടർ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമാലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Content Highlight: Naslen talk about the movie lokah chapter 2

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more