| Tuesday, 23rd June 2026, 8:55 pm

തിയേറ്ററില്‍ അന്ത്യശ്വാസം വലിച്ച് മോളിവുഡ് ടൈംസ്; പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ പ്രതീക്ഷയോടെ ജൂണ്‍ 5ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നസ്‌ലെന്‍ നായകനായ മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. സക്‌സസ് ട്രിലോജിയില്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് മാധവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നസ്‌ലെന്‍ വേഷമിട്ടത്.

ചിത്രം വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായെങ്കിലും കുടുംബപ്രേക്ഷകരെയടക്കം തിയേറ്ററുകളിലേക്കെത്തിക്കുന്നതില്‍ മോളിവുഡ് ടൈംസ് പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ നിന്നും ഏറെക്കുറെ ‘വാഷൗട്ടാ’യിരിക്കുകയാണെന്ന സിനിമാ പേജുകളുടെ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മോളിവുഡ് ടൈംസ്. Photo: Ott Play

റിലീസ് ചെയ്ത് പതിനെട്ടാം ദിനത്തില്‍ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ഏകദേശം 4 ലക്ഷം രൂപ മാത്രമാണ് നേടാനായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിദംബരം എസ്. പൊതുവാള്‍ സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് തിയേറ്ററുകളില്‍ നിന്നും വലിയ മുന്നേറ്റം കാഴ്ച്ചവെക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ പതനം.

18 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രമായി സ്വന്തമാക്കിയിരിക്കുന്നത് 9.98 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ചിത്രം 1.76 കോടിയും സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം കേരളത്തിന് പുറത്തെ തിയേറ്ററുകളില്‍ നിന്നും ചിത്രം ഏകദേശം 8.95കോടിയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതടക്കം ചിത്രത്തിന് നേടാന്‍ സാധിച്ചതാകട്ടെ 19.17 കോടി രൂപയാണെന്നാണ് സിനിമാ പേജുകളിലെ കണക്കുകള്‍ നല്‍കുന്ന വിവരം. ചിത്രത്തിന്റെ ബജറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വലിയ താരനിരയുള്ള ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മോളിവുഡ് ടൈംസ്. Photo: The Hindu

എന്നാല്‍ ഒ.ടി.ടി റൈറ്റ്‌സിലൂടെയും സാറ്റലൈറ്റ് റൈറ്റ്‌സിലൂടെയും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. നസ്‌ലെന് പുറമെ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, ഷറഫുദ്ദീന്‍, സംഗീത് പ്രതാപ്, ജഗദീഷ്, അലക്‌സാണ്ടര്‍ പ്രദീപ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Naslen Starrer Mollywood Times nears its end in Theatrical run

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more