| Thursday, 5th November 2026, 8:49 am

ആ സിനിമയുടെ ഷൂട്ടിനിടയിലാണ് സീനിന്റെ കഥ ഞാന്‍ കേട്ടത്, ഈ പടം വിടാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ: നസ്‌ലെന്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സീന്‍. ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുമായി കളംനിറഞ്ഞുനില്‍ക്കുന്ന സൂര്യയുടെ അടുത്ത റിലീസ് വന്‍ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആവേശം എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് സീന്‍.

ക്യാമറക്ക് മുന്നിലും പിന്നിലും മലയാളികളുടെ നീണ്ടനിരയാണ് സീനിലുള്ളത്. നായികയായി നസ്രിയയുണ്ടെങ്കിലും ഹൈപ്പ് ഉയര്‍ത്തുന്ന ഘടകം നസ്‌ലെന്റെ സാന്നിധ്യമാണ്. കരിയറിലെ ആദ്യ വില്ലന്‍ വേഷമാണ് സീനില്‍ നസ്‌ലെന്‍ അവതരിപ്പിക്കുന്നത്. ഈശ്വരന്‍ എന്ന സൈക്കോ കില്ലറുടെ വേഷമാണ് സീനില്‍ നസ്‌ലെന്റേത്. ടീസറിലും ട്രെയ്‌ലറിലും നസ്‌ലെന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഫ്രഷ്‌നസ് സമ്മാനിച്ചിരുന്നു.

സീനിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ചും ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നസ്‌ലെന്‍. ജിത്തു മാധവന്‍ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ എക്‌സൈറ്റഡായെന്ന് നസ്‌ലെന്‍ പറഞ്ഞു. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന പ്രീ റിലീസ് ഇവന്റിലാണ് നസ്‌ലെന്‍ ഇക്കാര്യം പറഞ്ഞത്.

‘ലോകഃയുടെ ഷൂട്ടിനിടയിലാണ് സീനിന്റെ കഥ എന്നോട് പറയുന്നത്. ആദ്യം കേട്ടപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി. ഈ സിനിമ വിടാന്‍ പാടില്ലെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. വില്ലന്‍ റോളായതുകൊണ്ട് മാത്രമല്ല, ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങള്‍ ഈ പടത്തിലുണ്ട്. അതാണ് എന്നെ ഇന്‍ ആക്കാന്‍ കാരണം.

സൂര്യ സാറിനെപ്പോലെ ഡിസിപ്ലിന്‍ഡായിട്ടുള്ള സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യാനായത് വലിയ കാര്യമാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ പറ്റി. അദ്ദേഹം വളരെ വണ്ടര്‍ഫുള്‍ പെര്‍ഫോമറാണ്. ഷൂട്ടിനിടയില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും തമിഴ് സംസാരിക്കുന്നതായിരുന്നു ഈ പടത്തില്‍ എന്റെ ഏറ്റവും വലിയ പേടി,’ നസ്‌ലെന്‍ പറഞ്ഞു.

ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരന്‍ എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേയാണ് സീനിന്റെ കഥ. എന്നാല്‍ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളിലൊന്നും കഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രീ സെയിലിലൂടെ ഇതിനോടകം 17 കോടിയോളം സ്വന്തമാക്കിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് സീനിലൂടെയാകുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Naslen shares the shooting experience of Scene movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more