| Tuesday, 26th May 2026, 1:09 pm

ചില പ്രൊജക്ടുകള്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം നമ്മളൊരാള്‍ മാത്രമല്ല: നസ്‌ലെന്‍; 'പ്രേമലു 2' ഓര്‍മിപ്പിച്ച് സോഷ്യല്‍മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇന്ന് യുവതലമുറയുടെ പ്രിയതാരങ്ങളില്‍ മുന്‍പന്തിയിലാണ് നടന്‍ നസ്‌ലെന്‍. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാന്‍ നസ്‌ലെന് ഇതിനകം സാധിച്ചിട്ടുണ്ട്. താന്‍ ആഗ്രഹിച്ച കരിയര്‍ നേടിയെടുക്കാനായതിന്റെ സന്തോഷം താരം പലപ്പോഴായി പങ്കുവെച്ചിട്ടുമുണ്ട്.

എന്നാല്‍, സിനിമയില്‍ നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടക്കണമെന്നില്ലെന്നും എത്ര ആഗ്രഹിച്ചാലും ചില പ്രൊജക്ടുകള്‍ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമുള്ള നസ്‌ലെന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

മീഡിയ വണ്‍ ചാനലില്‍ ‘മോളിവുഡ് ടൈംസ്’ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്‌ലെന്റെ ഈ പ്രതികരണം. ഇതോടെ, ‘പ്രേമലു 2’ വിനെ കുറിച്ചാണോ താരം പരോക്ഷമായി സൂചിപ്പിച്ചത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

‘സിനിമയില്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നുണ്ടല്ലോ?’ എന്ന ചോദ്യത്തിനായിരുന്നു നസ്‌ലെന്റെ മറുപടി.

നസ്‌ലെന്‍ Photo: Mathrubhumi

‘നടക്കാതിരിക്കുന്ന കാര്യങ്ങളുമുണ്ട്. പല പ്രൊജക്ടുകളും, അല്ലെങ്കില്‍ സബ്ജെക്ടുകളും പൂര്‍ണ്ണതയിലേക്ക് എത്തിക്കൊള്ളണമെന്നില്ല. അത് നമ്മള്‍ ഒരാള്‍ കാരണമായിരിക്കണമെന്നില്ല. മറ്റു പല കാരണങ്ങളാല്‍ അത് സംഭവിക്കാതിരിക്കാം. പക്ഷേ ഇപ്പോള്‍ ലൈഫില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ ഹാപ്പിയാണ്.’ നസ്‌ലെന്‍ പറഞ്ഞു.

അഭിമുഖത്തില്‍ നസ്‌ലെന്‍ ഒരു സിനിമയുടെയും പേരെടുത്ത് പറഞ്ഞിരുന്നില്ല. എങ്കിലും, നസ്‌ലെന്‍ ഉദ്ദേശിച്ചത് പ്രേമലു 2 വിനെ കുറിച്ച് തന്നെയാണെന്ന രീതിയിലാണ് ചര്‍ച്ചകള്‍.

മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

പ്രേമലു 2 Photo: Bhavana studios

എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം ചിത്രത്തെക്കുറിച്ച് വലിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നില്ല. പിന്നാലെ ‘പ്രേമലു 2’ ഉപേക്ഷിച്ചുവെന്ന് നിര്‍മാതാവ് ദിലീഷ് പോത്തന്‍ തന്നെ വ്യക്തമാക്കി.

ഇതിനിടെ നസ്‌ലെന്‍ പ്രതിഫലം കൂട്ടി ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സിനിമ നീണ്ടുപോകാന്‍ കാരണമെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തി. നസ്‌ലെന് തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്നതടക്കമുള്ള നരേറ്റീവുകള്‍ വേറെയും വന്നു. ഇതിന്റെ പേരില്‍ നസ്‌ലെനെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഥയിലോ അതിന്റെ മേക്കിങ്ങിലോ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രൊജക്റ്റ് പ്രതിസന്ധിയിലാക്കിയതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. വിഷയത്തില്‍ ഇതുവരെ നസ്‌ലെനോ സിനിമയിലെ മറ്റു താരങ്ങളോ നേരിട്ട് പ്രതികരിച്ചിട്ടില്ല.

ഈ ഘട്ടത്തില്‍ കൂടിയാണ് ചില പ്രൊജക്ടുകള്‍ പൂര്‍ണ്ണതയില്‍ എത്താത്തതിന് കാരണം നമ്മളൊരാള്‍ മാത്രമല്ലെന്ന നസ്‌ലെന്റെ വാക്കുകള്‍ ഇത്രയേറെ ചര്‍ച്ചയാകുന്നത്.

Content Highlight: Naslen’s words spark ‘Premalu 2’ rumors on social media

Latest Stories

We use cookies to give you the best possible experience. Learn more