മലയാള സിനിമയിലെ ഭാവി മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രീതിയില്‍ സിനിമാ ആരാധകര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പേരുകളാണ് യുവതാരങ്ങളായ നസ്ലിന്റെതും എക്കോയടക്കമുള്ള ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന സന്ദീപ് പ്രദീപിന്റേതും. ഗിരീഷ്.എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്ലസ്ടുക്കാരനായി എത്തിയ നസ്‌ലിന്‍ പ്രേമലു, ലോകഃ, ആലപ്പുഴ ജിംഖാന തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്നു.
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കുട്ടിത്തമ്മുള്ള, നര്‍മ്മം നിറഞ്ഞ വിദ്യാര്‍ത്ഥിയില്‍ നിന്നും സൂപ്പര്‍ ശരണ്യയിലെ കോളേജ് കുമാരനായും പിന്നീട് ആലപ്പുഴ ജിംഖാനയിലെയും ലോകഃയിലെയും യുവാവായും വെള്ളിത്തിരയിലെത്തിയ താരം മലയാള സിനിമക്ക് മുതല്‍ക്കൂട്ടാകുമെന്ന് നേരത്തേ സൂചന നല്‍കിയിരുന്നു.
പ്രേമലു. Photo: Theatrical poster
കഴിഞ്ഞ വര്‍ഷം 300 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലോകഃ ചാപ്റ്റര്‍ വണ്ണിന്റെയടക്കം ഭാഗമായ താരം 2026 ലും വലിയ പ്രതീക്ഷയാണ് സിനിമാ ആരാധകര്‍ക്ക് നല്‍കുന്നത്. സൂപ്പര്‍ താരം മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമടക്കം ഒരുപിടി മികച്ച പ്രൊജക്ടുകളാണ് താരത്തിന്റെതായ് പുതുവര്‍ഷത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.
മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക്ക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസില്‍ നായകനായാണ് നസ്‌ലിന്‍ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് ഷറഫുദ്ദീനും സംഗീത് പ്രതാപും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധേയമായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തു വന്ന അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സീക്വലിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നസ്‌ലിന്‍ ചിത്രത്തില്‍ വേഷമിടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അമല്‍ നീരദിന്റെ കള്‍ട്ട് പടമായി കണക്കാക്കുന്ന ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗത്തിന്റെ ഭാഗമാകാന്‍ സാധിച്ചാല്‍ താരത്തെ സംബന്ധിച്ച് വലിയ കരിയര്‍ ബ്രേക്കാവുമെന്നതില്‍ സംശയമില്ല.
Lokah. Photo: Theatrical poster
മോഹല്‍ലാല്‍ ചിത്രം തുടരുമിന്റെ വലിയ വിജയത്തിന് ശേഷം മലയാളത്തില്‍ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ടോര്‍പ്പേഡോ ആണ് ലിസ്റ്റിലെ മറ്റൊരു ചിത്രം. ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നസ്‌ലിനും നായകതുല്ല്യമായ വേഷം കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ് മലയാളം ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കി ആവേശം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത കോപ്പ്-ആക്ഷന്‍ ചിത്രമാണ് നസ്‌ലിന്റെതായി പ്രേക്ഷകര്‍ പ്രതീക്ഷ വെക്കുന്ന മറ്റൊരു ചിത്രം. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രം താരത്തിന്റെ കരിയറില്‍ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടിക്കി ടാക്കയിലും നസ്‌ലിന്‍ ഭാഗമാകുന്നുണ്ട്. രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാമിക ഗബ്ബി, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്ക് പുറമെ അല്‍ത്താഫ് സലീമിന്റയും മധു.സി. നാരായണന്റെയും ചിത്രങ്ങളിലും താരം വേഷമിടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തു വരുന്നുണ്ട്. താരത്തിന്റെ കരിയറിനെ മാറ്റിമറിച്ച പ്രേമലു 2 ഉടനെയെത്തുമെന്നും നസ്‌ലിന്‍ തന്നെയാകും നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണം നേടാനായാല്‍ മലയാളത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ സ്ഥാനമുറപ്പിക്കാന്‍ നസ്‌ലിന് ആയേക്കും.
Content Highlight: Naslen’s upcoming movie with surya and mammootty gives great potential to his career