| Sunday, 8th November 2026, 4:25 pm

ഓവര്‍ അംബീഷ്യസായാല്‍ എന്താ കുഴപ്പം? സേഫ് സോണ്‍ വിട്ട നസ്‌ലെന് കൈയടിച്ചും ഗിരീഷ് എ.ഡിയെ വിമര്‍ശിച്ചും സിനിമാപേജുകള്‍

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ ചരിത്രവിജയമെഴുതി മുന്നേറുകയാണ് സീന്‍. ഈ വര്‍ഷം മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ കയറ്റി തന്റെ പ്രൈം ഫോമിലേക്ക് സൂര്യ തിരിച്ചെത്തി. 13 വര്‍ഷം ഹിറ്റില്ലാത്തതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന കളിയാക്കലുകള്‍ക്ക് പലിശയടക്കം വീട്ടി മാസ് കാണിച്ച സൂര്യ ആരാധകരെ ട്രിപ്പിള്‍ ഹാപ്പിയാക്കി.

ജിത്തു മാധവന്‍ തന്റെ ഇഷ്ടനടന് നല്‍കിയ ട്രിബ്യൂട്ടില്‍ പലരും എടുത്തുപറയുന്നത് മലയാളി താരം നസ്‌ലെന്റെ പ്രകടനമാണ്. കരിയറിലെ ആദ്യത്തെ തമിഴ് ചിത്രത്തില്‍ കലക്കന്‍ വില്ലന്‍ റോള്‍ തന്നെയാണ് നസ്‌ലെന്‍ കാഴ്ചവെച്ചത്. നായകനൊപ്പം കട്ടക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സായിരുന്നു നസ്‌ലെന്റേത്. സൂര്യയുടെ ഇന്‍ബരാജിനെപ്പോലെ നസ്‌ലെന്റെ ഈശ്വരനും സീന്‍ തൂക്കിയെന്ന് തന്നെ പറയാം.

അന്യഭാഷയില്‍ പോയി കൈയടി നേടുന്ന നസ്‌ലെന്‍ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ പലരുടെയും വെറുപ്പിന് പാത്രമായിരുന്നു. പ്രേമലുവിന്റെ സെന്‍സേഷണല്‍ ഹിറ്റിന് പിന്നാലെ സ്റ്റാറായി മാറിയ നസ്‌ലെന് നേരെ ടാര്‍ഗറ്റഡായി ചിലര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ പ്രേമലു 2 ഉപേക്ഷിക്കാന്‍ കാരണം നസ്‌ലെനാണെന്ന് സംവിധായകന്‍ പറയാതെ പറഞ്ഞതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

‘നമ്മളെല്ലാവരും അംബീഷ്യസാണ്. പക്ഷേ, ചിലര്‍ ഓവര്‍ അംബീഷ്യസായത് പ്രശ്‌നമായി’ എന്നായിരുന്നു ബെത്‌ലഹേമിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവിനിടയില്‍ പറഞ്ഞത്. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടയിലും പ്രേമലു 2 ഉപേക്ഷിക്കപ്പെട്ടതിന്റെ നിരാശ പങ്കുവെച്ച് നസ്‌ലെനെ വീണ്ടും സൈബര്‍ ചര്‍ച്ചകളിലേക്ക് വലിച്ചിട്ടു.

എന്നാല്‍ ഇത്തരം വിവാദങ്ങളില്‍ നസ്‌ലെന്‍ ഒരിക്കലും മറുപടി പറയാന്‍ പോയില്ലെന്നതാണ് ശ്രദ്ധേയം. സീനിന്റെ റിലീസിന് ശേഷം നസ്‌ലെന്‍ തന്റെ പെര്‍ഫോമന്‍സിലൂടെ മറുപടി നല്‍കിയെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാപേജുകള്‍. ഗിരീഷ് എ.ഡിയുടെ ഇന്റര്‍വ്യൂവിനൊപ്പം സീനിലെ നസ്‌ലെന്റെ പെര്‍ഫോമന്‍സും മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്.

പ്രേമലുവിന്റെ രണ്ടാം ഭാഗം പോലെ ഷുവര്‍ഷോട്ട് ഹിറ്റ് ഉപേക്ഷിച്ച് കരിയറിലെ ഏറ്റവും വലിയ റിസ്‌കാണ് നസ്‌ലെന്‍ സീനിലൂടെ എടുത്തത്. ഒന്ന് പാളിയാല്‍ ആജീവനാന്ത വിമര്‍ശനം നേരിടേണ്ടി വന്നേനെ. സേഫ് സോണില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തന്നിലെ ആര്‍ട്ടിസ്റ്റിന് പെര്‍ഫോം ചെയ്യാനുള്ള വേഷങ്ങളാണ് താരം ഇപ്പോള്‍ തേടിപ്പിടിച്ച് ചെയ്യുന്നത്.

ഒരുപാട് കാത്തിരുന്ന സീനില്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച നസ്‌ലെന്റെ അടുത്ത ചിത്രം ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവാണ്. അമല്‍ നീരദിന്റെ സ്റ്റൈലിഷ് ഫ്രെയിമില്‍ നസ്‌ലെനെ എങ്ങനെ പ്രസന്റ് ചെയ്യുമെന്നറിയാനാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Naslen’s performance in Scene movie and Girish AD’s interview viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more