തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നായകനെക്കാള്‍ സ്‌കോര്‍ ചെയ്ത മെല്‍വിന്‍ എന്ന കഥാപാത്രത്തെ പലരും ശ്രദ്ധിച്ചിരുന്നു. പ്രത്യേക ശൈലിയിലുള്ള സംസാരവും പെര്‍ഫോമന്‍സും കൊണ്ട് മെല്‍വിനെ അവതരിപ്പിച്ച നസ്‌ലെന്‍ പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി. പ്രേമലുവിലൂടെ കേരളത്തിന് പുറത്ത് റീച്ച് ലഭിക്കുകയും സൂര്യ 47ലൂടെ തമിഴ് അരങ്ങേറ്റം നടത്തുകയും ചെയ്തു.
റോം കോം സിനിമകളില്‍ സ്വല്പം ഇന്‍ട്രോവേര്‍ട്ടായിട്ടുള്ള വേഷങ്ങളില്‍ നസ്‌ലെന്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്നിലെ പെര്‍ഫോമറെ നസ്‌ലെന്‍ അടയാളപ്പെടുത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.
സിനിമാമോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിച്ചത്. ഓരോ സീനിലും കഥാപാത്രമായി നസ്‌ലെന്‍ ജീവിക്കുകയായിരുന്നു. തന്റെ ഓരോ ഷോര്‍ട്ട് ഫിലിമും രൂപപ്പെടുത്തി, അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ എത്തിക്കുന്നതുവരെ വിനീതിന്റെ ഭാവങ്ങള്‍ ഓരോ സിനിമാപ്രേമിക്കും കണക്ടാകുന്ന തരത്തിലാണ് നസ്‌ലെന്‍ പകര്‍ന്നാടിയത്.
സിനിമാലോകത്തേക്ക് കടക്കുന്നതും പിന്നീട് അവിടുന്ന് നേരിടുന്ന തിരിച്ചടികളും നസ്‌ലെനില്‍ ഭദ്രമായിരുന്നു. ഓരോ സീനിലും നസ്‌ലെന്‍ എന്ന പെര്‍ഫോമര്‍ തന്റെ റേഞ്ച് കൃത്യമായി വരച്ചിട്ടിട്ടുണ്ട്. ഇതുവരെ ചെയ്ത പല സിനിമകളിലും നെഗറ്റീവായി ഉയര്‍ത്തിയ കൊടുങ്ങല്ലൂര്‍ സ്ലാങ് പോലും മോളിവുഡ് ടൈംസില്‍ ഉണ്ടായിരുന്നില്ല.
കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് കൃത്യമായി നസ്‌ലെന്‍ നല്‍കിയിട്ടുണ്ട്. കാണുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് നസ്‌ലെന്‍ വിനീതിനെ അവതരിപ്പിച്ചത്. സെക്കന്‍ഡ് ഹാഫിലെ ചില സീനുകളില്‍ സട്ടിലായി ഇമോഷനുകള്‍ കണ്‍വേ ചെയ്യുന്ന സീനുകള്‍ ഗംഭീരമായിരുന്നു.
പ്രേമലുവിലൂടെ ബോക്‌സ് ഓഫീസില്‍ അടയാളപ്പെടുത്തിയ നസ്‌ലെന്റെ പുതിയൊരു മുഖമായിരുന്നു മോളിവുഡ് ടൈംസില്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് സംവിധായകന്‍ പറഞ്ഞ വാക്കുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു നസ്‌ലെന്റെ പ്രകടനം. നസ്‌ലെന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ ചെയ്യില്ലെന്നായിരുന്നു അഭിനവ് പറഞ്ഞത്. വ്യത്യസ്തമായ ഇത്തരം വേഷങ്ങള്‍ ചെയ്ത് ഇനിയും നസ്‌ലെന്‍ തിളങ്ങുമെന്ന് ഉറപ്പാണ്.
Content Highlight: Naslen’s performance in Mollywood Times movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ