| Monday, 11th August 2025, 10:05 pm

ജിംഖാനയില്‍ കണ്ട മസില്‍ ബോയ് അല്ല, ലുക്ക് അടിമുടി മാറ്റി നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ മലയാളസിനിമയിലെ ഏറ്റവും മികച്ച യുവനടന്മാരില്‍ ഒരാളാണ് നസ്‌ലെന്‍. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഫാന്‍ബേസും ഫാമിലി സപ്പോര്‍ട്ടും നസ്‌ലെന്‍ സ്വന്തമാക്കി. പ്രേമലുവിന്റെ വന്‍ വിജയവും പിന്നാലെയെത്തിയ ആലപ്പുഴ ജിംഖാനയും നസ്‌ലെന്റെ സ്റ്റാര്‍ഡം ഉയരത്തിലെത്തിച്ചു. നിലവില്‍ താരത്തിന്റെ ലൈനപ്പും പ്രതീക്ഷ നല്‍കുന്നതാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് നസ്‌ലെന്റെ പുതിയ ലുക്കാണ്. മെലിഞ്ഞ്, മുടി നീട്ടിവളര്‍ത്തിയ ലുക്കിലാണ് നസ്‌ലെന്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലുള്ളത് നസ്‌ലെനാണെന്ന് തിരിച്ചറിയാനാകാത്ത വിധത്തിലാണ് ട്രാന്‍സ്‌ഫോര്‍മേഷന്‍. ആലപ്പുഴ ജിംഖാനക്ക് വേണ്ടി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ നസ്‌ലെന്‍ പുതിയ ഗെറ്റപ്പില്‍ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍ പുതിയ ലുക്കിന് പിന്നാലെ നസ്‌ലെന്റെ ലുക്കിനെ കളിയാക്കിക്കൊണ്ട് പലരും രംഗത്തെത്തി. ബംഗാളി ലുക്കെന്ന തരത്തിലാണ് പലരും നസ്‌ലെനെ അധിക്ഷേപിക്കുന്നത്. പാന്‍ മസാലയുടെ പരസ്യത്തില്‍ നസ്‌ലെന്റെ മുഖം ഒട്ടിച്ചുവെച്ചാണ് പലരും കളിയാക്കുന്നത്. എന്നാല്‍ താരത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷനെ അഭിനന്ദിക്കാന്‍ ആരും തയാറാകുന്നില്ല.

ഏത് സിനിമക്ക് വേണ്ടിയാണ് നസ്‌ലെന്‍ രൂപമാറ്റം നടത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിലാണ് നസ്‌ലെന്‍ ഇനി ഭാഗമാകുന്നത്. ഈ സിനിമക്ക് വേണ്ടിയാണോ താരം രൂപമാറ്റം നടത്തിയതെന്ന് ചോദ്യങ്ങളുയരുന്നുണ്ട്.


ആസിഫ് അലി നായകനായെത്തുന്ന ടിക്കി ടാക്കയില്‍ നസ്‌ലെനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗാറ്റ്‌സ്ബി എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത മാസ് കഥാപാത്രമാണ് ടിക്കി ടാക്കയിലെ ഗാറ്റ്‌സ്ബി. കൈയില്‍ തോക്കുമായി തിരിഞ്ഞുനില്‍ക്കുന്ന ഗാറ്റ്‌സ്ബിയുടെ ഫോട്ടോ വൈറലായിരുന്നു.

നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ലോകാഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ് നസ്‌ലെന്റെ അടുത്ത റിലീസ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ച് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Naslen’s new look viral in Social Media

We use cookies to give you the best possible experience. Learn more