| Thursday, 5th March 2026, 11:41 am

ഉലകനായകനായി നെസ്‌ലെൻ; 'ഇതേതാവതാര'മെന്ന് സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരമാണ് നെസ്‌ലെൻ. കോമഡി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. എന്നാൽ ഇത്തവണ സിനിമയിലൂടെയല്ല, ഒരു കിടിലൻ എ.ഐ വീഡിയോയിലൂടെയാണ് നെസ്‌ലെൻ ശ്രദ്ധ നേടുന്നത്.

തമിഴ് സിനിമയിലെ ഉലകനായകൻ കമൽ ഹാസൻ പത്ത് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച ദശാവതാരത്തിലെ കമൽഹാസന് പകരം നെസ്‌ലെന് ആയാൽ എങ്ങനെയുണ്ടാകുമെന്ന ആരാധകരുടെ ആഗ്രഹത്തിന് പുറത്താണ് ഇത്തരം ഒരു വീഡിയോ ഒരുക്കിയിരിക്കുന്നത്.

2008ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ കമൽ ഹാസൻ പത്ത് കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ പത്ത് കഥാപാത്രങ്ങളിലുമൊക്കെ നെസ്‌ലെന്റെ മുഖം ചേർത്താണ് എ.ഐ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

എ.ഐ.വീഡിയോ , Photo: X.com

വീഡിയോ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. നെസ്‌ലെനെ ഓരോ ഗെറ്റപ്പിലും കാണിക്കുന്ന ഈ വീഡിയോ ആരാധകരെ അതിശയിപ്പിക്കുകയും ഒരുപാട് ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

നെസ്‌ലെൻ ഇത്തരത്തിലുള്ള സീരിയസ് കഥാപാത്രങ്ങളും ചെയ്യണം, കോമഡി മാത്രം മതിയോ, ഇനി മാസ് റോളുകളും വേണം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ചിലർ തമാശയായി ‘ഉലകനായകന് പിന്നാലെ മലയാളത്തിൽ ‘നെസ്‌നായകൻ’ എത്തുന്നു’ ദശാവതാരം കണ്ടിട്ടുണ്ട് എന്നാൽ ഇത് ഏത് അവതാരമെന്ന് മനസിലാകുന്നില്ല എന്നെല്ലാമാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

ദശാവതാരം, Photo: YouTube/ Screengrab

വീഡിയോയിൽ നായികമാരായി അനശ്വര രാജനും മമിത ബൈജുവും പ്രത്യക്ഷപ്പെടുന്നുണ്ട്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വീഡിയോയിലെ കഥാപാത്രങ്ങൾക്കും ഗെറ്റപ്പുകൾക്കും മികച്ച പെർഫെക്ഷൻ ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

കെ. സ്. രവികുമാർ സംവിധാനം ചെയ്ത ദശാവതാരം തമിഴ് സിനിമയിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. അസിൻ, മല്ലിക ഷെരാവത്ത്, നെപ്പോളിയൻ, നാഗേഷ് എന്നിവരടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. റിലീസ് സമയത്ത് തന്നെ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം ആഗോളതലത്തിൽ വലിയ കളക്ഷനും സ്വന്തമാക്കിയിരുന്നു.

Content Highlight: Naslen’s New AI Video Goes Viral Again

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more