| Saturday, 21st March 2026, 5:00 pm

അന്ന് മമ്മൂട്ടിയുടെ പടത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഇന്ന് മമ്മൂട്ടിയുടെ പടത്തില്‍ പോസ്റ്ററിന്റെ നടുക്ക് പേര്, നസ്‌ലെന്റെ വളര്‍ച്ച മാസല്ല, മരണമാസ്

അമര്‍നാഥ് എം.

72ാം വയസിലും ഓരോ കഥാപാത്രത്തെയും തെരഞ്ഞെടുത്ത് സിനിമാലോകത്തെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. കൊവിഡിന് ശേഷമുള്ള സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ കേരളത്തിന് പുറത്തും മമ്മൂട്ടിയുടെ പേര് ചര്‍ച്ചയാകാറുണ്ട്. അസുഖബാധിതനായി വിട്ടുനിന്ന അദ്ദേഹം പഴയതിലും ഊര്‍ജത്തോടെ തിരിച്ചുവന്നിരിക്കുകയാണ്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാനുമായി മമ്മൂട്ടി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. യുവതാരം ആസിഫ് അലിയും നിലവില്‍ മോളിവുഡിലെ സെന്‍സേഷനായി മാറിയ നസ്‌ലെനും മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ്.

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നസ്‌ലെനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. മമ്മൂട്ടിയും ആസിഫ് അലിയും ഉണ്ടെങ്കിലും പോസ്റ്ററിന്റെ നടുക്ക് നസ്‌ലെന്റെ പേരാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് താരം മോളിവുഡില്‍ കൈവരിച്ച വിജയത്തെക്കുറിച്ചാണ് പലരുടെയും ചര്‍ച്ചകള്‍.

മമ്മൂട്ടി നായകനായി 2019ല്‍ റിലീസായ മധുരരാജയിലൂടെയായിരുന്നു നസ്‌ലെന്റെ സിനിമാ എന്‍ട്രി. ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളിലൊരാളായാണ് താരം ക്യാമറക്ക് മുന്നിലെത്തിയത്. അതേവര്‍ഷം പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നസ്‌ലെന്റെ കരിയര്‍ മാറ്റിമറിച്ചു. ഏഴ് വര്‍ഷം മുമ്പ് മമ്മൂട്ടിയുടെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഇന്ന് മമ്മൂട്ടിയോടൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്നത് പലരെയും അത്ഭുതപ്പെടുത്തുകയാണ്.

മാത്യു തോമസിനൊപ്പം ഒരുപാട് സിനിമകളില്‍ സഹനായകനായ നസ്‌ലെന്‍ 2024ല്‍ റിലീസായ പ്രേമലുവിലൂടെയാണ് സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നത്. കരിയറിലെ ആദ്യ 100 കോടിക്കൊപ്പം കേരളത്തിന് പുറത്തും വലിയ ഫാന്‍ബേസുണ്ടാക്കിയെടുത്തു. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ആലപ്പുഴ ജിംഖാനയിലെ മേക്ക് ഓവറും സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു.

ലോകഃയിലൂടെ പാന്‍ ഇന്ത്യന്‍ ഹിറ്റും സ്വന്തം പേരിലാക്കിയ നസ്‌ലെന്‍ ഇനിയും ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. മട്ടാഞ്ചേരി മാഫിയ മാത്രമല്ല, നസ്‌ലെന്റേതായി വരാനിരിക്കുന്ന പ്രൊജക്ടുകളെല്ലാം പ്രതീക്ഷയുള്ളവയാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ്, തരുണ്‍ മൂര്‍ത്തിയുടെ ടോര്‍പ്പെഡോ, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്ക, ജിത്തു മാധവന്‍ ഒരുക്കുന്ന സൂര്യ 47 എന്നിങ്ങനെ വമ്പന്‍ പ്രൊജക്ടുകളാണ് നസ്‌ലെന്റെ കൈയില്‍.

Content Highlight: Naslen’s growth discussing after Mattancherry Mafia movie poster

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more