| Friday, 16th October 2026, 7:05 pm

സോണി കിടുക്കും; ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂസിലെ നസ്‌ലെന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്ലെന്‍ കെ. ഗഫൂര്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളി അഭിനേതാക്കളില്‍ ഒരാളാകാനും നസ്ലെന് സാധിച്ചിരുന്നു.

Photo: X.com

താരത്തിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ മോളിവുഡ് ടൈംസ് എന്ന ചിത്രവും വലിയ പ്രശംസയായിരുന്നു സ്വന്തമാക്കിയത്. ഒരു കൗമാരക്കാരനെന്ന നിലയില്‍ നിന്നും മാറി മലയാളത്തിലെ യുവനായക നടനെന്ന നിലയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ഓരോ ചിത്രത്തിലൂടെയും നസ് ലെന്റെ ശ്രമം. നസ് ലെന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏവരും വലിയ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ.

ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നസ് ലെനെ ഇതുവരെ കാണാത്ത ലുക്കില്‍ മുടി നീട്ടി വളര്‍ത്തി കൈയില്‍ തോക്കുമായി നില്‍ക്കുന്ന പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ സോണി എന്ന കഥാപാത്രത്തെയാണ് നസ് ലെന്‍ അവതരിപ്പിക്കുന്നത്. മോളിവുഡ് ടൈംസ് അടക്കം നസ് ലെന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന താരത്തിന്റെ കരിയറിലെ മുതല്‍ക്കൂട്ടാകും സോണി എന്നാണ് ആരാധകപ്രതീക്ഷ.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീനിലും നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ വില്ലനായിട്ടായിരിക്കും താരം വേഷമിടുക എന്നും സൂചനകളുണ്ടായിരുന്നു. അതേസമയം താരനിരയിലും ടെക്നിക്കല്‍ ക്രൂവിലും ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ ഡബിള്‍ സ്ട്രോങ്ങാണ്. ജ്യോതിര്‍മയി, ആര്‍ഷ ബൈജു, രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ക്രിസ്റ്റോ സേവിയറാണ് ചിത്രത്തിന്റെ സംഗീതം. നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Naslen’s Bachelor Party deux character post out

Latest Stories

We use cookies to give you the best possible experience. Learn more