| Wednesday, 11th November 2026, 10:28 am

'സംവിധായകരെ വിശ്വസിക്കുക എന്നതാണ് പ്രധാനം; ഇനിയങ്ങോട്ട് ഓക്കെയായിരിക്കുമോ എന്നൊരു ടെന്‍ഷനുണ്ട്': നസ്‌ലെന്‍

ആര്യ

സിനിമയില്‍ എത്തണമെന്നും വലിയ നടനാകണമെന്നും സ്വപ്നം കണ്ട് കൃത്യമായ പദ്ധതികളുമായി വന്നയാളല്ല നസ്‌ലെന്‍. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ യങ് സൂപ്പര്‍സ്റ്റാറായി മാറിക്കഴിഞ്ഞു നസ്‌ലെന്‍. ആദ്യ ചിത്രമായ സീനിലൂടെ തമിഴിലും ഒരിടം നേടിയിരിക്കുകയാണ് താരം.

അതേസമയം, തന്നെ വിശ്വസിച്ച് അവസരങ്ങള്‍ നല്‍കുന്നവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയുമോ എന്ന ചെറിയ ആശങ്കയുമുണ്ട് താരത്തിന്. തന്റെ സിനിമാ യാത്രയെക്കുറിച്ചും അഭിനയത്തില്‍ സ്വയം വിശ്വാസം കണ്ടെത്തുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നസ്‌ലെന്‍.

‘മനസില്‍ സ്വപ്നം കണ്ട്, പ്ലാന്‍ ചെയ്ത് വന്ന ആളല്ലാത്തതുകൊണ്ടുതന്നെ ഇന്നത്തെ ഈ അവസ്ഥയില്‍ ഞാന്‍ ഹാപ്പിയാണ്. അതേസമയം, നമുക്കൊരു ടെന്‍ഷനുണ്ട്. ഇനിയങ്ങോട്ട് ഓക്കെയായിരിക്കില്ലേ എന്നതാണ് ആ ചിന്ത. നമ്മളില്‍ വരുന്ന വിശ്വാസവും പ്രതീക്ഷകളും നിലനിര്‍ത്തിക്കൊണ്ടുപോകണം. നല്ല പ്രൊഡ്യൂസേഴ്സും റൈറ്റേഴ്സും ഡയറക്ടേഴ്സുമെല്ലാം വരുന്നുണ്ട്. അവരുടെ സിനിമകളുടെ ഭാഗമാകുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം’, നസ്‌ലെന്‍ പറയുന്നു.

പുതിയൊരു കഥാപാത്രം ചെയ്യുമ്പോള്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുമെന്ന വിശ്വാസം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന ചോദ്യത്തിനും നസ്‌ലെന്‍ മറുപടി നല്‍കി. സംവിധായകരിലും തിരക്കഥാകൃത്തുക്കളിലുമുള്ള വിശ്വാസമാണ് അതില്‍ പ്രധാനമെന്നാണ് നസ്‌ലെന്‍ പറയുന്നത്.

‘സംവിധായകരെ വിശ്വസിക്കുക എന്നതാണ് പ്രധാനം. ഒരു സീന്‍ ചെയ്തുകഴിഞ്ഞാല്‍ ചുറ്റുമുള്ളവരെ നോക്കിയാലും നമുക്ക് മനസിലാകും. പ്രധാനമായും സംവിധായകനെയും തിരക്കഥാകൃത്തിനെയും വിശ്വസിക്കുക. കഥ കേള്‍ക്കുമ്പോള്‍ തന്നെ നമുക്കൊരു ധാരണയുണ്ടാകുമല്ലോ. ആ രീതിയില്‍ നോക്കിയാല്‍ ഇതുവരെ വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്’, താരം പറയുന്നു.

താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പലരുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ലേണിങ് പ്രോസസായിരുന്നെന്നും നസ്‌ലെന്‍ പറഞ്ഞു. കുരുതി പോലുള്ള കരിയറിന്റെ തുടക്കത്തില്‍ ചെയ്ത സിനിമയില്‍ തന്നെ മാമുക്ക, രാജുവേട്ടന്‍ പോലുള്ളവരുടെ കൂടെ അഭിനയിക്കാനായത്. സിനിമയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിച്ചുവെന്നും താരം പറയുന്നു.

‘എനിക്ക് കിട്ടിയ വലിയ ഭാഗ്യം, ഞാന്‍ പ്രതീക്ഷിക്കാത്ത ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി എന്നതാണ്. മാമുക്ക, രാജുവേട്ടന്‍ തുടങ്ങിയവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ഇവരൊക്കെ ഓരോ സീനും കൈകാര്യം ചെയ്യുന്നതും വോയ്സ് മോഡുലേഷന്‍ മാറുന്നതുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞോ അറിയാതെയോ ഒരു ലേണിങ് പ്രോസസാണ്’, നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.

നസ്‌ലെന്റെ കരിയറിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണ് സൂര്യ നായകനായ ‘സീന്‍’. ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നവംബര്‍ ആറിനാണ് തിയേറ്ററുകളിലെത്തിയത്. നസ്‌ലെന്റെ തമിഴ് സിനിമാ അരങ്ങേറ്റം കൂടിയാണ് ചിത്രം. ഗംഭീര അഭിപ്രായമാണ് നസ്‌ലെന്റെ പ്രകടനത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിക്കുന്നത്.

Content Highlight: Actor Naslen on trusting directors and his anxiety about the future of his film career

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more