| Wednesday, 27th May 2026, 12:52 pm

'കാല് പിടിക്കാൻ കുനിയുന്നവന്റെ മൂർധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ...' എന്ന മമ്മൂക്കയുടെ ഡയലോഗ് കാണാതെ പഠിച്ചു പറയുമായിരുന്നു: നസ്‌ലെൻ

നന്ദന എം.സി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് നസ്‌ലെൻ. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തിയ താരം ഇന്ന് യുവതലമുറയുടെ ശ്രദ്ധേയനായ നായകനായി മാറിക്കൊണ്ടിരിക്കുകയാണ്. 2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നസ്‌ലെൻ അഭിനയരംഗത്തേക്ക് എത്തിയത്.

പിന്നീട് പ്രേമലു, ലോകഃ തുടങ്ങിയ സിനിമകളിലൂടെ കേരളത്തിന് പുറത്തും വലിയ ആരാധകശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. സ്കൂൾ വിദ്യാർത്ഥിയുടെ നിസാര സ്വഭാവമുള്ള കഥാപാത്രങ്ങളിൽ നിന്ന് ശക്തമായ നായകവേഷങ്ങളിലേക്ക് വളർന്നുവരുന്ന നസ്‌ലന്റെ യാത്രയെ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ കാണുന്നത്.

നസ്‌ലെൻ, Photo: OTT Play

ഇപ്പോഴിതാ ബാല്യകാലത്ത് തനിക്ക് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച അറയ്ക്കൽ മാധവൻ ഉണ്ണി എന്ന കഥാപാത്രമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നസ്‌ലെൻ.

വല്യേട്ടൻ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ഇഷ്ടമായിരുന്നുവെന്നും സിനിമയിലെ പ്രശസ്തമായ ഡയലോഗുകൾ പോലും കാണാപാഠം പഠിച്ച് പറയുമായിരുന്നുവെന്നും താരം പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്‌ലന്റെ തുറന്നുപറച്ചിൽ.

‘വല്യേട്ടനിലെ മമ്മൂക്കയുടെ ഡയലോഗുകൾ ഒക്കെ ഞാൻ കാണാതെ പഠിക്കുമായിരുന്നു. ‘കാല് പിടിക്കാൻ കുനിയുന്നവന്റെ മൂർധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ’ എന്ന വലിയ ഡയലോഗ് പോലും പറയാൻ ശ്രമിക്കുമായിരുന്നു.

മമ്മൂട്ടി, Photo; OTT Play

മമ്മൂക്കയുടെ സിനിമകളും അറയ്ക്കൽ മാധവൻ എന്ന കഥാപാത്രവും പോലെ ആകണമെന്ന് ഒരുകാലത്ത് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ആ കഥാപാത്രമായി എന്നെ ചിന്തിക്കാൻ പോലും കഴിയില്ല. അതൊക്കെ ചെറിയ പ്രായത്തിലെ ബുദ്ധിയില്ലാത്ത സമയത്ത് തോന്നിയ കാര്യങ്ങളാണ്,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്.

മലയാള സിനിമയിലെ സൂപ്പർതാരങ്ങളോടുള്ള ആരാധന പല യുവതാരങ്ങളും തുറന്ന് പറയാറുണ്ടെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ അനുകരിച്ച് ഡയലോഗുകൾ മനഃപാഠമാക്കിയിരുന്നുവെന്ന നസ്‌ലന്റെ തുറന്നുപറച്ചിൽ ആരാധകരിൽ വലിയ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിലും താരത്തിന്റെ വാക്കുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

മോളിവുഡ് ടൈംസ്, Photo: IMDb

അതേസമയം നസ്‌ലന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന ‘മോളിവുഡ് ടൈംസ്’ ആണ് താരത്തിന്റെ അടുത്ത ചിത്രം.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവതാരനിരയും വ്യത്യസ്തമായ കഥാപശ്ചാത്തലവും കൊണ്ടു തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികൾ നൽകുന്നത്.

Content Highlight: Naslen K. Gafoortalk about Mammootty movies

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more