| Monday, 9th November 2026, 8:28 pm

മണിച്ചേട്ടന്‍, വിനായകന്‍, ഇപ്പൊ ദേ നസ്‌ലെനും... ചിരിച്ചുകൊണ്ട് പേടിപ്പിച്ച വില്ലന്മാരായി തമിഴില്‍ തിളങ്ങിയ മലയാളികള്‍

അമര്‍നാഥ് എം.

നായകനെ ഏറ്റവും സ്‌ട്രോങ്ങാക്കണമെങ്കില്‍ വില്ലനെ ഗംഭീരമായി അവതരിപ്പിക്കണം. പല സംവിധായകര്‍ക്കും പാളുന്ന ഇത്തരം ഏരിയയില്‍ വിജയം നേടിയവര്‍ വളരെ ചുരുക്കമാണ്. ഇത്തരത്തില്‍ വിജയിച്ച സംവിധായകരിലെ ലേറ്റസ്റ്റ് എന്‍ട്രിയാണ് ജിത്തു മാധവന്‍. പുതിയ ചിത്രമായ സീനില്‍ സൂര്യയുടെ വില്ലനായി നസ്‌ലെനെ അതിഗംഭീരമായി പ്രസന്റ് ചെയ്തു.

സംവിധായകന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത നസ്‌ലെനാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. നായകനൊത്ത സൈസില്ലാതെ, വളരെ ചെറുപ്പമായ നസ്‌ലെന്‍ സൂര്യയുടെ വില്ലനായാല്‍ ശരിയാകുമോ എന്നായിരുന്നു റിലീസിന് മുമ്പ് പലരുടെയും ചോദ്യം. തന്റെ പൊട്ടന്‍ഷ്യലിനെ സംശയിച്ചവര്‍ക്ക് മാസ് മറുപടിയാണ് സീനിലൂടെ നസ്‌ലെന്‍ നല്‍കിയത്.

പക്കാ സൈക്കോ കില്ലറായി മികച്ച പ്രകടനമാണ് നസ്‌ലെന്‍ സീനില്‍ പുറത്തെടുത്തത്. അങ്ങേയറ്റം സൈക്കോയാണെന്ന് പറഞ്ഞ് വെക്കുമ്പോഴും ബ്രൂട്ടലായിട്ടുള്ള കൊലയൊന്നും ചിത്രത്തില്‍ കാണിക്കുന്നില്ല. പകരം ഈശ്വരന്റെ കണ്ണിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് ആ കഥാപാത്രത്തിന്റെ ഇന്റന്‍സിറ്റി കാണിക്കുന്നത്. സമീപകാലത്ത് കണ്ട സ്‌ട്രോങ്ങായിട്ടുള്ള വില്ലനാണ് ഈശ്വരന്‍.

സീനിലെ പെര്‍ഫോമന്‍സിന് പിന്നാലെ മലയാളത്തില്‍ നിന്ന് തമിഴിലെത്തി ഞെട്ടിച്ച വില്ലന്മാരുടെ ലിസ്റ്റില്‍ നസ്‌ലെനും ഇടംപിടിച്ചിരിക്കുകയാണ്. ഏത് തരം വേഷവും അനായാസമായി പകര്‍ന്നാടുന്ന കലാഭവന്‍ മണിയാണ് ലിസ്റ്റിലെ ഒന്നാമന്‍. വിക്രം നായകനായ ജെമിനിയില്‍ കലാഭവന്‍ മണിയുടെ തേജ എന്ന വില്ലന്‍ കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ബേസാണ്.

കലാഭവന്‍ മണിക്ക് മാത്രം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് തേജ. ഒരേ സമയം ടെററായും അതോടൊപ്പം ചിരിച്ച് കളിച്ചും നടക്കുന്ന കഥാപാത്രമാണ് തേജ. ജെമിനി മാത്രമല്ല, സിലമ്പരസന്റെ കുത്തിലെ വീരബാഹു, വേലിലെ സക്കരപാണ്ടി തുടങ്ങിയ വില്ലന്‍ കഥാപാത്രങ്ങളെല്ലാം ഗംഭീരമാണ്. ഈ കഥാപാത്രങ്ങള്‍ക്കെല്ലാം പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്.

സാക്ഷാല്‍ രജിനിയെ വരെ വിറപ്പിച്ച വിനായകനാണ് ലിസ്റ്റിലെ രണ്ടാമന്‍. ജയിലറിലെ വര്‍മന്‍ എന്ന കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. രജിനികാന്ത് തനിക്ക് ഇഷ്ടപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളിലൊന്നായി തെരഞ്ഞെടുത്തത് വര്‍മനെയായിരുന്നു. ജയിലര്‍ 2ല്‍ ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും അണിനിരന്നിട്ടും വര്‍മന്റെ ഇംപാക്ട് വന്നില്ലെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ തന്നെ ആ കഥാപാത്രത്തിന്റെ റേഞ്ച് മനസിലാകും.

ഈ ലിസ്റ്റില്‍ ഇപ്പോള്‍ നസ്‌ലെനും തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുകയാണ്. ചോക്ലേറ്റ് ഹീറോ ഇമേജില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടാതെ, തന്നിലെ ആര്‍ട്ടിസ്റ്റിന് വെല്ലുവിളിയാകുന്ന വേഷങ്ങളാണ് താരം ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്. തമിഴിലെ അരങ്ങേറ്റം തന്നെ സെന്‍സേഷനാകാന്‍ സാധിച്ച നസ്‌ലെന്‍ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Naslen enters to top villain characters in Tamil Cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more