| Saturday, 31st October 2026, 10:56 pm

സൂക്ഷട മട രാശിനിയോ അതേത് പടം? സീന്‍ ഓഡിയോ ലോഞ്ചില്‍ പരസ്പരം കളിയാക്കി നസ്‌ലെനും നസ്രിയയും

അമര്‍നാഥ് എം.

അനൗണ്‍സ്‌മെന്റ് സമയം തൊട്ടുള്ള ഹൈപ്പ് ഇപ്പോഴും നിലനിര്‍ത്താന്‍ സാധിച്ച ചുരുക്കം സിനിമകളിലൊന്നാണ് സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. കഥയെക്കുറിച്ച് ഒരു സൂചനയും നല്‍കാത്ത അപ്‌ഡേറ്റുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നിലവിലെ ഹൈപ്പ് ഇരട്ടിയാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെന്നൈ സായ് റാം എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പകുതിയിലധികം ക്രൂവും മലയാളികളായതിനാല്‍ ചടങ്ങ് മുഴുവന്‍ വൈബാണ്.

നസ്‌ലെന്‍- നസ്രിയ കോമ്പോയാണ് ഓഡിയോ ലോഞ്ചിലെ പ്രധാന ഹൈലൈറ്റ്. അടുത്തടുത്താണ് ഇരുവരും ഇരിക്കുന്നത്. ഓരോ തവണയും ഇരുവരും നല്‍കുന്ന റിയാക്ഷന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രധാന താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് എ.വി പ്രദര്‍ശിപ്പിച്ചിരുന്നു. നസ്രിയയുടെ എ.വി പ്രദര്‍ശിപ്പിക്കുന്നതിനിടെ നസ്‌ലെന്റെ കമന്റടി സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തി.

നസ്രിയ അഭിനയിച്ച സിനിമകളുടെ പേര് പറയുന്നതിനിടെ ‘സൂക്ഷട മട രാശിനി’ എന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. ഇത് ഏത് സിനിമയാണെന്ന് നസ്‌ലെനും നസ്രിയയും പരസ്പരം ചോദിക്കുന്നത് കാണാനാകും. സൂക്ഷ്മദര്‍ശിനിയെയാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയുകയും രണ്ടുപേരും ചിരിക്കുകയും ചെയ്യുന്ന പോര്‍ഷന്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായി.

ഇതിന് പുറമെ സുഷിന്റെ പ്രസംഗത്തിനിടയില്‍ നസ്‌ലെന്‍ കമന്റടിക്കുന്നതും സൂര്യയുടെ റിയാക്ഷനും എല്ലാം ചേര്‍ന്ന് വൈബ് ഫങ്ഷനായി സീനിന്റെ ഓഡിയോ ലോഞ്ച് മാറിയിരിക്കുകയാണ്. തമിഴില്‍ അടുത്ത കാലത്ത് ഇത്രയും കൂളായി അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത മറ്റൊരു ഓഡിയോ ലോഞ്ച് വേറെയില്ലെന്നാണ് കമന്റുകള്‍.

ഓഡിയോ ലോഞ്ചിലേക്കുള്ള സൂര്യയുടെ എന്‍ട്രിയും ഇതിനോടകം വൈറലായി. ‘ദി വണ്‍’ എന്ന് എഴുതിയ കവാടത്തിലൂടെയായിരുന്നു താരത്തിന്റെ എന്‍ട്രി. ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുമായി നില്‍ക്കുന്ന സൂര്യയുടെ വിശ്വരൂപം ബോക്‌സ് ഓഫീസില്‍ കാണാന്‍ സാധിക്കുന്ന ചിത്രം തന്നെയാകും സീന്‍. നവംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Naslen and Nazriya’s reaction in Scene audio launch viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more