| Sunday, 31st May 2026, 11:10 pm

ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാക്കി പിരിഞ്ഞിട്ടൊന്നുമില്ല, ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്: നസ്‌ലെന്‍

അമര്‍നാഥ് എം.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കടന്നുവന്ന് മോളിവുഡിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച താരമാണ് നസ്‌ലെന്‍. മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രത്യക്ഷപ്പെട്ട താരം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. വളരെ വേഗത്തില്‍ മോളിവുഡിന്റെ മുന്‍നിരയില്‍ ഇടംപിടിക്കാന്‍ നസ്‌ലെന് സാധിച്ചു. പ്രേമലുവിലൂടെ കേരളത്തിന് പുറത്തും റീച്ച് നേടിയ നസ്‌ലെന്‍ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസാണ് നസ്‌ലെന്റെ ഏറ്റവും പുതിയ ചിത്രം. അനൗണ്‍സ്‌മെന്റ് മുതല്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ വ്യത്യസ്തമായ വേഷമാണ് താരത്തിന്റേത്. സിനിമാമോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ മോളിവുഡ് ടൈംസിന്റെ പ്രൊമോഷന്റെ ഭാഗമായി നസ്‌ലെന്‍ നല്‍കിയ ഒരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. ഗൂഗിളില്‍ നസ്‌ലെനെക്കുറിച്ച് സെര്‍ച്ച് ചെയ്ത ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയതാണ് ശ്രദ്ധ നേടിയത്. ഓരോ ചോദ്യത്തിനും നസ്‌ലെന്‍ നല്‍കിയ മറുപടി രസകരമായിരുന്നു.

നസ്‌ലെന്‍ Screen grab/ Cue Studio

നസ്‌ലെന്റെ ഏറ്റവും വലിയ പേടി എന്താണെന്ന ചോദ്യത്തിന് തനിക്ക് വെള്ളം പേടിയാണെന്നും നീന്തലറിയില്ലെന്നുമാണ് താരം മറുപടി നല്‍കിയത്. മമിതയുമായി ഇപ്പോഴും സൗഹൃദത്തിലാണോ എന്ന ചോദ്യത്തോടും നസ്‌ലെന്‍ പ്രതികരിച്ചു.

‘ആരാണ് ഇങ്ങനെയൊക്കെ സെര്‍ച്ച് ചെയ്യുന്നത്. ഞങ്ങള്‍ അടിയുണ്ടാക്കി പിരിഞ്ഞിട്ടൊന്നുമില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എല്ലാ ദിവസവും വിളിക്കുകയോ മെസേജയക്കുകയോ ചെയ്യുന്ന ഫ്രണ്ട്ഷിപ്പല്ല. ഇടക്കൊക്കെ ഓരോ സിനിമയുടെ അപ്‌ഡേറ്റുകള്‍ ഷെയര്‍ ചെയ്യും. ഇപ്പോള്‍ കരയുടെ ട്രെയ്‌ലര്‍ കണ്ടിട്ട് അടിപൊളിയായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ കൊച്ചിയിലുണ്ട്. മമിതയും സംഗീതും കൂടിയുള്ള പ്രൊജക്ടാണത്,’ നസ്‌ലെന്‍ പറഞ്ഞു.

നസ്‌ലെന്‍, മമിത Photo: Reddit

റിയല്‍ ലൈഫിലും ഇന്‍ട്രോവേര്‍ട്ടാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. താന്‍ ശരിക്കും എക്‌സ്‌ട്രോവേര്‍ട്ടാണെന്നും നസ്‌ലെന്‍ പറഞ്ഞു. പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിനെക്കുറിച്ചും താരം സംസാരിച്ചു. തന്റെ കഥാപാത്രത്തിന്റെ പേര് സോണി എന്നാണെന്നും ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കാറായെന്നും നസ്‌ലെന്‍ പറഞ്ഞു.

ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ അഞ്ച് പേരുടെ ഗ്യാങ്ങിലെ ഒരാളാണ് ഞാന്‍. എനിക്ക് പുറമെ സൗബിക്ക, ഷറഫ്ക്ക, ചന്തു, ഭാസി എന്നിവരുടെ കൂടെയുള്ള ഒരാളാണ് എന്റെ കഥാപാത്രം. കൂടുതല്‍ കാര്യങ്ങളൊന്നും പറയാനായിട്ടില്ല,’ നസ്‌ലെന്‍ പറയുന്നു.

നസ്‌ലെന്‍ Photo: Screen grab/ Galatta Plus

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. നസ്‌ലെന് പുറമെ റോഷന്‍ ഷാനവാസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Naslen about his friendship with Mamitha Baiju

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more