ന്യൂദല്‍ഹി: വി.ഡി. സവര്‍ക്കറെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി.
നാസിക്കിലെ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് റദ്ദാക്കിയത്. നിര്‍ഭയ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.
2022ലെ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപമാനിച്ച് പ്രസംഗിച്ചുവെന്നായിരുന്നു പരാതി. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ആളാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സവര്‍ക്കറുടെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു പരാതി.
എന്നാല്‍ പരാതിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് കോടതി കേസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. എ.സി.എംജി രൂപാലി നര്‍വാഡിയയാണ് കേസ് റദ്ദാക്കിയത്.
പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായതിനാല്‍ ആയിരിക്കാം പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായതെന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ജയ്ഭാവെയും ഗജേന്ദ്ര സനാപും പറഞ്ഞു.
നേരത്തെ സവര്‍ക്കറുടെ അനന്തരവന്റെ മകന്‍ സത്യകി സവര്‍ക്കറും സമാനമായി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
2023 മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ നടന്ന ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരവും അവഹേളനപരവുമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പരാതി.
രാഹുലിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പിന്നീടത് സവര്‍ക്കറുടെ പാരമ്പര്യത്തെയും പൊതുപ്രതിച്ഛായയെയും തകര്‍ത്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
നിലവില്‍ ഈ കേസ് പൂനെയിലെ എം.പി/എം.എല്‍.എ കോടതിയുടെ പരിഗണനയിലാണ്. പ്രസ്തുത കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളും വിവാദത്തിന് വഴിവെച്ചിരുന്നു.
‘മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ സവര്‍ക്കര്‍ കൂട്ടുപ്രതിയായിരുന്നു. എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ടു. പരാതിക്കാരനായ സത്യകി സവര്‍ക്കറുടെ മുത്തച്ഛന്‍ ഗോപാല്‍ ഗോഡ്സെയും ഗാന്ധി വധക്കേസില്‍ കൂട്ടുപ്രതിയായിരുന്നു,’ സത്യവാങ്മൂലത്തിലെ പരാമര്‍ശം.
Content Highlight: Nashik Court Quashes Savarkar Defamation Case against rahul gandhi