| Wednesday, 20th May 2026, 4:17 pm

ദളപതി വാഴും തമിഴകം

നസീം കരുവാരകുണ്ട്

തമിഴ് രാഷ്ട്രീയത്തെ ദീര്‍ഘകാലമായി നിയന്ത്രിച്ചിരുന്ന ദ്രാവിഡ കക്ഷി ശക്തികളില്‍ നിന്നും തമിഴ്‌നാട് ഭരണം കൈപ്പിടിയിലാക്കിയ വിജയ് പോരാട്ടം. വെറും രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ‘തമിഴക വെട്രി കഴകം’ എന്ന പാര്‍ട്ടിക്ക് കീഴില്‍ നടന്‍ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുകയാണ്.

പ്രമുഖ എക്‌സിറ്റ് പോളുകള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും വരെ അനിര്‍വചനീയമായ തെരഞ്ഞെടുപ്പ് ഫലം. കമല്‍ഹാസനും സാക്ഷാല്‍ രജനികാന്തിനും വരെ അടിപതറിയ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എങ്ങനെ വിജയ്‌യ്ക്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധ്യമായത്?

വിജയ്

വെള്ളിത്തിരയിലെ മിന്നും താരത്തില്‍ നിന്നും സി. ജോസഫ് വിജയ്‌യുടെ ഏറെ കാലത്തെ കൃത്യമായ പ്രയത്‌നത്തിന്റെയും രാഷ്ട്രീയ നീക്കങ്ങളുടെയും ഫലമായാണ് തമിഴ്‌നാട് മുഖ്യമന്ത്രി എന്ന സിംഹാസനത്തിലേക്കുള്ള സ്ഥാനാരോഹണം.

സിനിമാ മേഖലയില്‍ നിന്നും വന്ന് തമിഴ് ജനതയെ നയിച്ചവരാണ് എം.ജി.ആര്‍, കരുണാനിധി, ജയലളിത തുടങ്ങിയ കരുത്തരായ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍. കരുണാനിധിയും ജയലളിതയും പോലുള്ള കരിസ്മാറ്റിക് നേതാക്കള്‍ അരങ്ങൊഴിഞ്ഞതിന് ശേഷം കൃത്യമായ ഇടപെടലുകളിലൂടെ ജനമനസ്സുകളില്‍ ഇടം പിടിക്കാന്‍ വിജയ്‌യ്ക്ക് സാധിച്ചു.

എം.ജി.ആര്‍ | കരുണാനിധി | ജയലളിത

കാലങ്ങളായി തമിഴകം വാഴുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിന്‍ബലം ഇല്ലാതെ ഒറ്റക്ക് സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള വിജയുടെ മാസ് എന്‍ട്രി.

എം.ജി.ആര്‍ മുതല്‍ ജയലളിത വരെ മുന്‍കാല സിനിമാ രാഷ്ട്രീയക്കാരില്‍ നിന്നും വിജയ് എന്ന സിനിമാതാരത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. ഏതൊരു പാര്‍ട്ടി ചരിത്രങ്ങളോടും വികാരപരമായി ബന്ധമില്ലാത്ത ജെന്‍-സി തലമുറയ്ക്ക് മുമ്പിലായിരുന്നു വിജയ്‌യുടെ വളര്‍ച്ച.

വിജയ്

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന ക്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ മാനസികാവസ്ഥ രൂപീകരിക്കപ്പെടുന്ന പുതിയ കാലത്താണ് വിജയ് തന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നത്.

അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ ജെന്‍-സി രാഷ്ട്രീയത്തിന്റെ വികാരാധിഷ്ഠിത ഉയര്‍ച്ചയുടെയും, ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ദക്ഷിണേന്ത്യ നയിക്കുന്ന പ്രതിരോധത്തിന്റെയും, ജനജീവിതത്തില്‍ നിന്നും അകന്നുപോയ ഭരണശൈലിക്ക് കൃത്യമായ താക്കീതുമായാണ് ടി.വി.കെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കി ജനം വിജയിപ്പിച്ചത്.

ഡി.എം.കെ ഭരണത്തില്‍ തമിഴ്‌നാട്ടിന്റെ സാമ്പത്തിക വളര്‍ച്ചയും ക്ഷേമപദ്ധതികളും ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ തുടര്‍ഭരണത്തില്‍ ടി.വി.കെ പ്രതിപക്ഷത്ത് കുറഞ്ഞ സീറ്റില്‍ ഒതുങ്ങിപ്പോകും എന്നായിരുന്നു എല്ലാ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്.

എം.കെ. സ്റ്റാലിന്‍

പക്ഷേ, സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാര്‍ ഉള്‍പ്പെടെ തലമുതിര്‍ന്ന ഡി.എം.കെ നേതാക്കളെ എല്ലാം പരാജയപ്പെടുത്തി ടി.വി.കെ 108 സീറ്റുകളുടെ കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തി. കോണ്‍ഗ്രസ്, വി.സി.കെ, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ആദ്യ മുന്നണി ഭരണം സാധ്യമായി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംഘപരിവാര്‍ ശക്തികള്‍ക്കും തമിഴ്‌നാടിന്റെ ഭരണ ശിലാകേന്ദ്രങ്ങളിലേക്ക് ഈ തെരഞ്ഞെടുപ്പിലും നുഴഞ്ഞുകയറാനായില്ല. പ്രധാനമന്ത്രിയെ വരെ നേരിട്ട് എത്തി കൊട്ടിഘോഷിച്ച പ്രചാരണങ്ങള്‍ വിഫലമായി.

നരേന്ദ്ര മോദി

സാമുദായിക സ്പര്‍ധ സൃഷ്ടിക്കാന്‍ തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ ദീപാരാധനയുമായി ബന്ധപ്പെട്ട പ്രശ്‌നം സംസ്ഥാനം ഒട്ടാകെ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ബി.ജെ.പി ബോധപൂര്‍വം ശ്രമിച്ചിട്ടും, പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമെത്തിയ തിരുപ്രംകുണ്ഡ്രം ക്ഷേത്രം സ്ഥിതിചെയ്യുന്ന മധുര സെന്‍ട്രല്‍ മണ്ഡലം പോലും പിടിച്ചെടുക്കാനായില്ല.

തിരുപ്രംകുണ്ഡ്രം ക്ഷേത്രം

മധുര സെന്‍ട്രല്‍ നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥി സുന്ദര്‍ സി. നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്റ്റാലിന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനെ പിന്തള്ളി ടി.വി.കെ സ്ഥാനാര്‍ത്ഥി മദര്‍ ബദുറുദ്ദീനാണ് മധുര സെന്‍ട്രലില്‍ വിജയിച്ചത്.

താരപരിവേഷത്തില്‍ പ്രമുഖ സിനിമാതാരങ്ങള്‍ പലരും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പല രൂപത്തില്‍ രംഗപ്രവേശനത്തിന് തയ്യാറായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയായും മുന്നണിയുടെ ഭാഗമായും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുമുണ്ട്. കൃത്യമായ സംഘടനാ സംവിധാനം ഇല്ലാതെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പലരും അടിപതറി വീണു.

ദ്രാവിഡ പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച തമിഴകത്തെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ മറ്റൊരു കൊടി പെട്ടെന്നൊരു നാള്‍ നാട്ടാന്‍ ആവില്ലെന്ന് തീര്‍ച്ചയാണ്.

ഏറെ നീണ്ട കാലത്തെ തുടര്‍ച്ചയായ കൃത്യമായ പദ്ധതികളിലൂടെ അല്ലാതെ തമിഴക രാഷ്ട്രീയത്തില്‍ ഏതൊരാള്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. ഈയൊരു ബോധ്യമാണ് ടി.വി.കെയുടെ രാഷ്ട്രീയ വിജയത്തിന്റെ പ്രധാന അടിത്തറ.

രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കളമൊരുക്കാന്‍ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന ആരാധക സംഘടനയും ഇതിന്റെ ഭാഗമായി വിജയ് രൂപം നല്‍കിയതാണ്. തമിഴ്‌നാട്ടില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പതിനായിരത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ സംഘടിപ്പിക്കാന്‍ വിജയ് മക്കള്‍ ഇയക്കത്തിനായി.

വിജയ് മക്കള്‍ ഇയക്കം

പല ജനകീയ വിഷയങ്ങളിലും ഇടപെട്ട് തമിഴ്‌നാട് ജനത വിജയ് രൂപം നല്‍കിയ സിസ്റ്റത്തെ പല ഘട്ടങ്ങളിലായി അനുഭവിച്ചറിഞ്ഞു.

ജനമനസ്സുകളില്‍ ഏതൊരു നേതാവിന്റെയും അടിസ്ഥാനമായി ഉണ്ടാവേണ്ട വിശ്വാസം വിജയ് മക്കള്‍ ഇയക്കത്തിലൂടെ വിജയ് ക്രമേണ നേടിയെടുത്തിരുന്നു.

2021ല്‍ തദ്ദേശ തെരഞ്ഞെടുപ്പിലൂടെയാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ അനൗദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നതും, പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള നേട്ടങ്ങള്‍ ഫാന്‍സ് അസോസിയേഷന്‍ നേടിയെടുക്കുന്നതും.

വിജയത്തിന്റെ പൂര്‍ണ ആത്മവിശ്വാസത്തില്‍ തമിഴകത്ത് ഉടനീളമുള്ള വിജയ് ഫാന്‍സ് ക്ലബ്ബുകളെ വാര്‍ഡ് കമ്മിറ്റികളായും, തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റികള്‍ അടിസ്ഥാനമാക്കി സംസ്ഥാന കമ്മിറ്റി വരെ രൂപീകരിച്ചതും.

ഇത്തരത്തിലുള്ള ഏറെക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് വിജയ് സ്വന്തം പാര്‍ട്ടിയായ ടി.വി.കെ എന്ന ‘തമിഴക വെട്രി കഴകം’ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും.

വിജയ് – ടി.വി.കെ

ബി.ജെ.പിയുടെ ആര്‍.എസ്.എസ് അജണ്ടയെ പ്രതിരോധിക്കുന്നതില്‍ ഡി.എം.കെയുടെ അതേ നിലപാടുകള്‍ തന്നെയാണ് ടി.വി.കെയും ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പി ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് വെക്കാത്ത ആദര്‍ശം എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് ജോസഫ് വിജയ്.

ദ്രാവിഡ ശക്തികള്‍ എല്ലാ കാലത്തും ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തിയും മതനിരപേക്ഷ പാരമ്പര്യവും പിന്തുടരുന്നവരാണ്. ഇന്ത്യയില്‍ ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായി മതപരമായ വേര്‍തിരിവുകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന കാലത്താണ് സി. വിജയ് ജോസഫ് എന്ന പേര് പൂര്‍ണമായി അടയാളപ്പെടുത്തി സംഘപരിവാര്‍ രാഷ്ട്രീയത്തിന് വ്യക്തമായ താക്കീത് നല്‍കിയത്.

കേവല ഭൂരിപക്ഷം ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ മുന്നണികളെ ഒപ്പം കൂട്ടിയപ്പോഴും വര്‍ഗീയ ശക്തികള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കൃത്യമായി മാറ്റിനിര്‍ത്തിയ ടി.വി.കെയുടെ നിലപാടും, ഭരണമില്ലെങ്കില്‍ പോലും സംഘപരിവാര്‍ അജണ്ട കുത്തിനിറച്ച മുന്നണിയെ തമിഴ്‌നാട് ഭരണം പിടിക്കാതിരിക്കാന്‍ സ്വന്തം മുന്നണിയിലെ ഘടകകക്ഷികള്‍ പോലും ടി.വി.കെയെ പിന്തുണച്ചതും, പരോക്ഷമായി തള്ളിപ്പറയാത്ത ഡി.എം.കെയും തമിഴ്‌നാടിന്റെ മതേതര കാഴ്ചപ്പാടിന് മങ്ങലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ചു.

ടി.വി.കെയുടെ മികവ് മാത്രം അടിസ്ഥാനമാക്കിയിട്ടല്ല തമിഴ്‌നാട് ജനത ഭരണം വിശ്വസിച്ച് ഏല്‍പ്പിച്ചത്. വോട്ടര്‍മാര്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മ, യുവജനങ്ങളുടെ അരക്ഷിതാവസ്ഥ, കരാര്‍ തൊഴില്‍ വ്യാപനം, ചെറുകിട മേഖലയിലെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാധ്യമാക്കാന്‍ സ്റ്റാലിന്‍ മന്ത്രിസഭയ്ക്ക് സാധിച്ചിട്ടില്ല.

സ്റ്റാലിന്‍

വ്യവസായ, വിദ്യാഭ്യാസ, ഐ.ടി മേഖലകളില്‍ തമിഴ്‌നാട് രാജ്യത്തെ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നായി തുടരുമ്പോഴും, സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നത് യാഥാര്‍ത്ഥ്യമാണ്.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ധനസഹായ പദ്ധതികള്‍, വിദ്യാര്‍ത്ഥി ക്ഷേമപദ്ധതികള്‍ എന്നീ ജനപിന്തുണ നേടിയ ക്ഷേമപദ്ധതികള്‍ക്കായി സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ഏറെ ഉപയോഗപ്പെടുത്തി.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനത്തെ സാമ്പത്തിക ഘടനയില്‍ ശരിയായ സന്തുലനം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ കടബാധ്യത കുത്തനെ ഉയര്‍ന്നു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍, ലഹരിവസ്തു വ്യാപനം, സ്ത്രീസുരക്ഷ സംബന്ധമായ ആശങ്കകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം സംഭവങ്ങള്‍ വേഗത്തില്‍ പ്രചരിക്കുന്നതോടെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ജനം ശക്തമാക്കി. ജനങ്ങള്‍ക്ക് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ ഡി.എം.കെ സര്‍ക്കാര്‍ ഭാഗികമായി പരാജയപ്പെട്ടിരുന്നു.

അതിനാലാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ ജോസഫ് വിജയ് എഴുന്നൂറില്‍ കൂടുതല്‍ മദ്യശാലകള്‍ പൂട്ടാനായി ഉത്തരവിട്ടത്.

വിജയ് നിയമസഭയില്‍

വിജയ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാല കേന്ദ്രങ്ങളായിരുന്നു. മദ്യവില്‍പനയിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന റവന്യൂ കൂടി കണക്കിലെടുക്കാതെയാണ് മുഖ്യമന്ത്രിയുടെ സുപ്രധാന അടച്ചുപൂട്ടല്‍ ഉത്തരവ്.

സൗജന്യ ടെലിവിഷന്‍, മിക്‌സി ഗ്രൈന്‍ഡര്‍, ലാപ്‌ടോപ്പ്, സൗജന്യ ബസ് യാത്ര, ധനസഹായം, വൈദ്യുതി സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ കാലം മുമ്പ് തുടങ്ങിവച്ച മുന്നേറ്റങ്ങളാണ്.

ഇതില്‍ നിന്നും വിഭിന്നമായി സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ ജനകീയ ക്ഷേമ പദ്ധതികളായിരുന്നു ടി.വി.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണം.

സ്ത്രീകള്‍ക്ക് 2,500 രൂപയുടെ ധനസഹായം, കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍, ദരിദ്ര യുവതികളുടെ വിവാഹത്തിന് എട്ട് ഗ്രാം സ്വര്‍ണവും പട്ടുസാരിയും, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 4,000 രൂപ ധനസഹായം, അഞ്ച് ലക്ഷം സര്‍ക്കാര്‍ ജോലികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ വായ്പ തുടങ്ങിയ ഏറെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് ‘വെട്രി തമിഴ്‌നാട്’ എന്ന മുദ്രാവാക്യത്തോടെ ടി.വികെ പ്രകടനപത്രികയില്‍ അവതരിപ്പിച്ചത്.

ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേമ പദ്ധതികള്‍ക്കും സബ്‌സിഡികള്‍ക്കും ചെലവഴിച്ച 65,000 കോടി രൂപയേക്കാള്‍ തുക ബജറ്റില്‍ നീക്കിവെക്കേണ്ടി വരും. ഏകദേശം ഒരു ലക്ഷം കോടി രൂപ. തമിഴ്‌നാടിന്റെ ആകെ ഏകദേശം വരുമാനം 3.31 ലക്ഷം കോടിയാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഇതിന്റെ മൂന്നിലൊന്നിനോട് തുല്യമാണ് ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി മാത്രമായി വിജയ് സര്‍ക്കാറിന് ചെലവഴിക്കേണ്ടി വരുന്ന തുക. നിലവില്‍ പത്ത് ലക്ഷം കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ കടബാധ്യത. അതായത് ജി.എസ്.ഡി.പിയുടെ 26 ശതമാനം!

തമിഴ്‌നാടിന്റെ ഇത്തരം ധനകാര്യ പ്രതിസന്ധികളെ ഏത് രീതിയില്‍ മറികടന്നാണ് വിജയ് പ്രഖ്യാപിച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നത് എന്നത് കണ്ട് തന്നെ അറിയണം.

എം.ജി.ആറിനെ പോലെ ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വളര്‍ന്നുവന്ന നേതാവല്ല മുഖ്യമന്ത്രി ജോസഫ് വിജയ്. ജനപ്രതിനിധി അല്ലെങ്കില്‍ പോലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തമിഴകത്ത് എല്ലായിടത്തും ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ വിജയിലൂടെ സാധിച്ചു എന്നത് മാത്രമാണ് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തില്‍ വിജയ്‌യുടെ അഡ്വാന്റേജ്.

പക്ഷേ, സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തിക കാഴ്ചപ്പാടും ഭരണപരിചയവും സംഘടനാപരമായ അടിത്തറയുമെല്ലാം വിജയ് പ്രവര്‍ത്തിച്ചുതന്നെ തെളിയിക്കേണ്ടതുണ്ട്.

‘ആറുമാസം ഞങ്ങള്‍ നോക്കും’ എന്ന സ്റ്റാലിന്റെ പ്രസ്താവന രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാരണം, ഭരണകാര്യ നിര്‍വഹണത്തില്‍ കാലങ്ങളായി ഡി.എം.കെ പോലുള്ള പാര്‍ട്ടികള്‍ പൊതുവേ നിര്‍മിച്ചിരിക്കുന്ന ഘടനകളും, ജില്ലാ നെറ്റ്‌വര്‍ക്കുകളും, സാമൂഹിക കൂട്ടുകെട്ടുകളുടെ അഭാവവും ഏത് രീതിയില്‍ ടി.വി.കെ സര്‍ക്കാര്‍ തരണം ചെയ്യും, ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഏത് രീതിയില്‍ ഭരണസംവിധാനങ്ങളെ നിശ്ചലമാക്കാന്‍ ശ്രമിക്കും എന്നതും ആശങ്കാജനകമാണ്.

സ്റ്റാലിനും ഉദയനിധിക്കുമൊപ്പം

ആരാധകവൃന്ദം കേവലം ആള്‍ക്കൂട്ടത്തിനും ആര്‍പ്പുവിളികള്‍ക്കും മാത്രമല്ല, തമിഴക രാഷ്ട്രീയത്തില്‍ കൃത്യമായ ദിശാബോധത്തോടെ കളമറിഞ്ഞ് കളിക്കാനിറങ്ങിയാല്‍ തലവര മാറ്റാമെന്ന് വിജയ് തെളിയിച്ചു.

ട്വിസ്റ്റും, ഫൈറ്റും, മാസ്സുമെല്ലാം നിറഞ്ഞ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തമിഴകത്തിന്റെ നായക കിരീടം സിനിമാ സ്‌റ്റൈലില്‍ തന്നെ തമിഴക വോട്ടര്‍മാര്‍ സി. ജോസഫ് വിജയ്ക്ക് ചാര്‍ത്തി നല്‍കി. ടി.വി.കെയിലൂടെ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്കും, തമിഴ്‌നാടിന്റെ സുസ്ഥിര വികസന മുന്നേറ്റങ്ങള്‍ക്കും കാത്തിരിക്കുകയാണ് തമിഴകം.

Content Highlight: Naseem Karuvarakkund writes about Vijay and TVK

നസീം കരുവാരകുണ്ട്

We use cookies to give you the best possible experience. Learn more