| Wednesday, 9th September 2026, 4:23 pm

വഖഫ് ബോര്‍ഡ്: ഇടത് സര്‍ക്കാരിന്റെ മൂന്ന് വീഴ്ചകള്‍ പ്രശ്‌നമായി; അവര്‍ തെറ്റിധാരണ പടര്‍ത്തുന്നു: നാസര്‍ ഫൈസി കൂടത്തായി

റെന്വര്‍ പി

കോഴിക്കോട്‌: വഖഫ് ബോര്‍ഡ് ഭേദഗതിയെ ചെറുക്കാനുള്ള അവസരങ്ങള്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാഴാക്കിയെന്നും ഇക്കാര്യത്തില്‍ അവര്‍ മൂന്ന് വീഴ്ചകള്‍ വരുത്തിയെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തെറ്റിധാരണകള്‍ പടര്‍ത്തുകയാണ്. അവരുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് ഭേദഗതി നിയമം കേരള സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയപ്പോള്‍ തുടങ്ങിയ വിവാദമാണ് അമുസ്‌ലിം നിയമനത്തെക്കുറിച്ച്. ആ നിയമത്തിന്റെ തുടര്‍ച്ചയായി അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടതുപക്ഷ ഗവണ്‍മെന്റ് പുനസംഘടിപ്പിച്ചപ്പോള്‍ രണ്ട് അമുസ്‌ലിങ്ങളുടെ ഗ്യാപ്പ് ഇട്ടുകൊണ്ടാണ് പുനസംഘടിപ്പിച്ചതെന്ന് നാസര്‍ ഫൈസി പറഞ്ഞു.

2024 ഏപ്രിലില്‍ അന്നത്തെ വഖഫ് ബോര്‍ഡിന്റെ കാലാവധി അവസാനിച്ച ശേഷം പുതിയ വഖഫ് ബോര്‍ഡ് നിയമനം എല്‍.ഡി.എഫ് സര്‍ക്കാര്‍ വൈകിപ്പിച്ചെന്നും അതാണ് ഒന്നാമത്തെ വീഴ്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2025 ഏപ്രിലിലാണ് വഖഫ് നിയമ ഭേദഗതി കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ വഖഫ് ബോര്‍ഡുള്ള സംസ്ഥാനങ്ങളില്‍ ആ ബോര്‍ഡിന്റെ കാലാവധി തീരുന്നത് വരെ പുതിയ വഖഫ് നിയമം ബാധകമല്ല എന്ന് അതില്‍ വ്യവസ്ഥയുണ്ട്. അഞ്ച് കൊല്ലമാണ് വഖഫ് കാലാവധി. 2024 ഏപ്രില്‍ പഴയ വഖഫ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ വഖഫ് രൂപീകരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് അവസരമുണ്ടായിരുന്നു. 2025ല്‍ വരാന്‍ പോകുന്ന വഖഫ് നിയമം ഇവിടെ അന്നേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വഖഫ് നിയമ ഭേദഗതിയുടെ ഭയാനകത മനസിലാക്കി 2024 ഏപ്രിലില്‍ തന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് പുനസംഘടിപ്പിച്ചില്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

2026 ഏപ്രിലിലാണ് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിജ്ഞാപനം വന്നത്. വഖഫ് ഭേദഗതി നിയമം വന്നു എന്ന് കണ്ടപ്പോഴേക്കും ബോര്‍ഡ് പുന സംഘടിപ്പിച്ച പോലെ ആയിരുന്നു അത്. വഖഫ് ബോര്‍ഡിലെ 11 അംഗങ്ങളില്‍ ഒമ്പത് പേരെയെ നിയമിക്കുന്നുള്ളൂ എന്നും രണ്ട് പേരെ നിയമിക്കാമെന്നും അന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. രണ്ട് അമുസ്‌ലിങ്ങളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണ് ആ വിജ്ഞാപനത്തില്‍. അതാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

കേരള വഖഫ് ബോര്‍ഡിന്റെ മെമ്പര്‍മാര്‍ ഇടതുപക്ഷത്തിന്റെ താല്പര്യത്തിന് ഒത്തു നില്‍ക്കുന്നവരാണ്. അവര്‍ സുപ്രീം കോടതിയില്‍ കൊടുത്തിട്ടുള്ള സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ പറയുന്നത് രണ്ട് അംഗങ്ങളെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ്. സര്‍ക്കാര്‍ നിയമിക്കട്ടെ തങ്ങള്‍ അംഗീകരിക്കാം എന്നാണ് അവര്‍ നിലപാടെടുത്തത്. ഇത് സുപ്രീം കോടതിയിലാണ് പറയുന്നത്. ഇടത് സര്‍ക്കാരിനും അവരെ പിന്തുണക്കുന്ന വഖഫ് ബോര്‍ഡിനും വന്ന മൂന്നാമത്തെ വീഴ്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്‍.ഡി.എഫ് തെറ്റിധരിപ്പിക്കുന്നു

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് തെറ്റിധാരണ പരത്തുന്നെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. വഖഫ് വിഷയത്തില്‍ ഹൈക്കോടതി നിലപാട് നേടിയപ്പോള്‍ ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞത് ആക്ട് നടപ്പാക്കും എന്നാണ് ആ വിഷയത്തെയാണ് സി.പി.ഐ.എം രാഷ്ട്രീയമായി ദുരുദ്ദേശത്തോടുകൂടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സമസ്ത നേതാവ് പറഞ്ഞു.

‘ആക്ട് ഞങ്ങള്‍ നടപ്പാക്കും എന്ന് പറഞ്ഞാല്‍ രണ്ട് അമുസ്‌ലിങ്ങളെ നിയമിച്ചോളാം എന്ന് ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നു. ആ നിയമിക്കുന്ന രണ്ട് അമുസ്‌ലിങ്ങള്‍ ആര്‍.എസ്.എസുകാര്‍ ആയിരിക്കുമെന്ന് തിരക്കഥ മെനഞ്ഞ് എല്‍.ഡി.എഫ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വഖഫ് ബോര്‍ഡിലെ അംഗങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു,’ നാസര്‍ ഫൈസി പറഞ്ഞു,

ഭേദഗതിയില്‍ പറയുന്ന അമുസ്‌ലിം നിയമനം തങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റില്ല എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയോട് പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിലുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധി വരുന്നതുവരെ അമുസ്‌ലിങ്ങളെ നിയമിക്കുക എന്നത് അംഗീകരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രയാസമുണ്ട്. വിധി വരട്ടെ എന്ന് പറഞ്ഞ് സുപ്രീം കോടതി വിധിയെ കാത്തിരിക്കുകയും അമുസ്‌ലിം നിയമനം നടത്താതിരിക്കുകയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും സമസ്ത നേതാവ് പറഞ്ഞു.

Content Highlight: Nasar Faizy Koodathayi Against LDF  on Waqf Board

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more